ഉയര്‍ന്ന ടിക്കറ്റ് നിരക്ക്; വിമാനക്കമ്പനികളെ നിയന്ത്രിക്കണം : കെ.സുധാകരന്‍ എംപി

Spread the love

ടിക്കറ്റ് നിരക്കിന്റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി.

ഗള്‍ഫ് നാടുകളിലെ ശൈത്യകാല അവധിയും ക്രിസ്മസും അവസരമാക്കി തീവെട്ടിക്കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കും ഇവിടെ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിലും വലിയ തുകയാണ് ഈടാക്കുന്നത്.ഏവിയേഷന്‍ ഫ്യൂവലിന്റെ വില പൊതുമേഖല എണ്ണക്കമ്പനികള്‍ കുറച്ചിട്ടും അതിന്റെ ഗുണം യാത്രക്കാര്‍ക്ക് നല്‍കാതെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കിലൂടെ പകല്‍ക്കൊള്ള നടത്തുന്നത്.ഇത് കാരണം ഓരോ പ്രവാസിയുടെയും പോക്കറ്റ് ചോരുകയാണ്.വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോട് കാട്ടുന്ന കൊടിയ അനീതിയാണിത്. ജീവിക്കാനുള്ള മാര്‍ഗം തേടി ഉറ്റവരെയും നാടിനെയും ഉപേക്ഷിച്ച് പ്രവാസ ജീവിതം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ നാളിതുവരെയുള്ള സമ്പാദ്യം ഊറ്റിയെടുക്കുന്ന നടപടി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശരാജ്യങ്ങളുമായി ഒപ്പിട്ട ഉഭയകക്ഷി കരാര്‍ പ്രകാരം സര്‍വീസുകള്‍ വര്‍ധിക്കുമ്പോള്‍ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വ്യോമയാന മന്ത്രി പാര്‍ലമെന്റില്‍ മുന്‍പ് വ്യക്തമാക്കിയത്. എന്നാലിത് കൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ലെന്നതിന് തെളിവാണ് ഉത്സവ, അവധിക്കാലത്ത് കമ്പനികള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്ക്.

ഉയര്‍ന്ന നിരക്ക് കാരണം സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലേക്കുള്ള വരവ് ഒഴിവാക്കേണ്ട സ്ഥിതിയാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ നാട്ടിലെത്തുന്നവര്‍ക്ക് മടങ്ങിപ്പോകാനും സമാനമായ നിരക്ക് നല്‍കേണ്ടിവരും. നാട്ടിലെത്തുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനവും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ജനുവരി ആദ്യവാരം ഗള്‍ഫ് നാടുകളിലെ അവധി അവസാനിക്കും. അതിനാല്‍ ഡിസംബര്‍ അവസാനവാരം കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രവാസികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ട ഗതികേടിലാണ്.

ശരാശരി 6000 നും 7000നും രൂപയ്ക്ക് ഒക്ടോബറില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് വരാനും അതേ തുകയ്ക്ക് മടങ്ങാനും ആകുമായിരുന്നു. എന്നാലിപ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് 26000 നും 35000 നും ഇടയിലാണ്. ക്രിസ്മസിനോട് അടുക്കുമ്പോള്‍ ഇത് 50000 രൂപയോളം ആകും. മടക്ക യാത്രയ്ക്ക് ആളൊന്നിന് 65000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും. ചുരുക്കത്തില്‍ നാലംഗ കുടുംബം നാട്ടിലെത്തി മടങ്ങുമ്പോള്‍ ടിക്കറ്റ് ഇനത്തില്‍ മാത്രം 5 ലക്ഷത്തിലധികം രൂപ ചെലവാക്കണം. യൂറോപ്യന്‍ രാജ്യങ്ങിലേക്കുള്ള നിരക്ക് ഒരാള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Author