പ്രതിലോമ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ബിനാലെയുടെ രാഷ്ട്രീയമാനം : മുഖ്യമന്ത്രി

Spread the love

കൊച്ചി: പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമപരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവു പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫോര്‍ട്ടുകൊച്ചി പരേഡ്് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്‌കാരമെന്നത് പൊതുമണ്ഡലത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തില്‍ സാധാരണമായത് എന്താണോ അതാണ് സംസ്‌കാരം എന്നത്. സാംസ്‌കാരിക രംഗത്തു കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലേക്ക് അഭിമാനകരമായി വളര്‍ന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊണ്ടുതന്നെയാണ് ഇത്തവണ മേളയ്ക്ക് ധനസഹായമായി ഏഴു കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിയ്ക്കു നല്‍കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ സഹായമാണിത്.
പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളുള്‍പ്പെടെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള സമകാല കലാമേള നമ്മുടെ മണ്ണിലേക്ക് എത്തിക്കുക എന്ന സ്വപ്നങ്ങള്‍ക്കുമപ്പുറമായിരുന്ന നേട്ടമാണ് പത്തു വര്‍ഷം മുമ്പ് ഇതേ തീയതി ആരംഭിച്ച ആദ്യ ബിനാലെയിലൂടെ സാക്ഷാത്കൃതമായതെന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഇതിനും ബിനാലെയുടെ തുടര്‍ വളര്‍ച്ചയ്ക്കും കലാകാരന്‍മാരുടെയും കലാസ്‌നേഹികളുടെയും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. എല്ലാറ്റിലുമുപരി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹകരണവും സഹായവും . കൊച്ചി ബിനാലെ ജനങ്ങള്‍ ഏറ്റെടുത്ത ജനങ്ങളുടെ ബിനാലെയാണ്. ലോകകലയ്ക്കും ടൂറിസത്തിനും കൊച്ചിയിലേക്കും കേരളത്തിലേക്കും ബിനാലെ വാതായനമായെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, അഡ്വ. പി എ മുഹമ്മദ് റിയാസ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ജെ മാക്‌സി, ടി ജെ വിനോദ്, മുന്‍ മന്ത്രി കെ വി തോമസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലെനെയിന്‍, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ എന്‍ രവി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ,എന്നിവര്‍ സന്നിഹിതരായി.

‘നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തില്‍ 14 വേദികളിലായി ഏപ്രില്‍ 10വരെ ബിനാലെ ഒരുക്കുന്ന കലാവസന്തം തുടരും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്കു പുറമെ ടി കെ എം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍,കാശി ആര്‍ട്ട് കഫെ എന്നിടങ്ങളിലുമാണ് പശ്ചിമകൊച്ചിയില്‍ പ്രദര്‍ശനം. എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ കേരളത്തിലെ മികച്ച 34 സമകാല കലാകാരന്‍മാരുടെ നൂറ്റമ്പതോളം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.

കോവിഡ് പ്രതിസന്ധിമൂലം നടക്കാതെ പോയ 2020 ബിനാലെ പതിപ്പാണ് ഇക്കുറി സാക്ഷാത്കരിക്കുന്നത്. ബിനാലെ ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക വേളയാണെന്ന പ്രത്യേകതയുമുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാംപതിപ്പ് അരങ്ങേറിയ 2018ല്‍ ലോകമെമ്പാടുനിന്നുമായി ആറുലക്ഷം പേരാണ് കലാസ്വാദനത്തിനായി എത്തിയത്. ഇക്കൊല്ലം പത്തുലക്ഷം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. കൊച്ചിയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ ടൂറിസം വികസനത്തിന് ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
Report : ATHIRA  AUGUSTINE, AISHWARYA

Author