കസ്റ്റഡി തര്‍ക്കം: രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് പരോളില്ലാതെ ജീവപര്യന്തം തടവ്

Spread the love

വിസ്‌കോണ്‍സിന്‍ : തകര്‍ന്ന വിവാഹബന്ധവും, അതിനെ തുടര്‍ന്ന് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ചു തര്‍ക്കവും നിരപരാധികളായ രണ്ടു പിഞ്ചുകുട്ടികളുടെ ദാരുണ അന്ത്യത്തിലേക്ക് നയിച്ചു. ഇതിന്റെ ഉത്തരവാദിയായ പിതാവിനെ വിസകോണ്‍സിന്‍ കോടതി പരോളില്ലാതെ രണ്ടു ജീവപര്യന്തതടവിന് ശിക്ഷിച്ചു. ഡിസംബര്‍ 13നായിരുന്നു കോടതി ഉത്തരവ്.

2020 ഫെബ്രുവരി 17നായിരുന്നു രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന സംഭവം ഉണ്ടായത്. നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാത്യു ബെയര്‍, ഭാര്യ മെലീസായുമായി വിവാഹബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് മെലിസാ മറ്റൊരു വിവാഹം കഴിച്ചു.

തന്റെ കസ്റ്റഡിയില്‍ രണ്ടു കുട്ടികളേയും വിട്ടുതരണമെന്ന് മെലീസാ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ കോപാകുലനായ മാത്യു ബെയര്‍ മുന്‍ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടക്കയില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ടു മക്കളെ (വില്യം 5 വയസ്, ഡാനിയേലിനെ 3 വയസ്) എന്നിവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

മാത്യൂവിനെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മര്‍ഡറിനാണ് കേസെടുത്തത്. നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ ഡിസംബര്‍ 13ന് ജൂറി വിധി പ്രഖ്യാപിച്ചു. തുടര്‍ന്ന് കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇയാള്‍ യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. സമൂഹത്തില്‍ ഇയാളുടെ സാന്നിധ്യം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടു പരോള്‍ ലഭിക്കാതെ ജീവിതം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് ജഡ്ജി മാര്‍ക്ക് മെക്ക്ഗിന്നിസ് വിധി ന്യായത്തില്‍ ചൂണ്ടികാട്ടിയത്.

കുട്ടികള്‍ക്ക് ജീവനാംശം കൊടുക്കാതിരിക്കുക എന്ന ലക്ഷ്യം കൂടി ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്നും കോടതി കണ്ടെത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടികാട്ടി.

Author