കോവിഡ് മഹാമാരി ലോകത്തിനു നൽകിയ വലിയൊരു പാഠം ആരോഗ്യമേഖലയെ എപ്പോഴും അത്തരം അപ്രതീക്ഷിത ഘട്ടങ്ങൾ നേരിടാൻ സജ്ജമാക്കി വയ്ക്കുക എന്നതാണ്. ആ അനുഭവമുൾക്കൊണ്ടാണ് കേരളത്തിലെ പൊതു ആരോഗ്യമേഖലയുടെ വികസനത്തെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നത്.
അതിൻ്റെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരാശുപ്രതിയിൽ 10 കിടക്കകളുള്ള, ആധുനിക മെഡിക്കൽ സൗകര്യങ്ങളോട് കൂടിയ ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ അനുമതി ലഭിച്ച 90 ആശുപത്രികളിൽ 10
എണ്ണത്തിൻ്റെ ഉദ്ഘാടനം ഇന്നു നടന്നു.
എം.എൽ.എ. അസറ്റ് ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ച് നടത്തുന്ന പദ്ധതിയ്ക്ക് 250 കോടി രൂപയാണ് ചെലവു വരുന്നത്. 2400 ചതുരശ്ര അടിയിലാണ് ഓരോ കെട്ടിടങ്ങളും നിർമ്മിക്കുന്നത്.
10 കിടക്കകളുള്ള പേഷ്യൻ്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, വസ്ത്രം മാറുന്ന മുറി, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസിജർ റും, ക്ലീനർ സ്റ്റോറും ഉള്ള ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസ്സേജ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഐസോലേഷൻ വാർഡുകളിൽ സജ്ജമായിരിക്കും. പൊതു ആരോഗ്യസംവിധാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ പദ്ധതി സഹായകമാകും.