ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും; ദേശീയ പാതാ അവലോകന യോഗം ചേര്‍ന്നു

Spread the love

കാസർകോട്: അടിപ്പാത നിര്‍മാണം, സര്‍വീസ് റോഡ്, ഓവുചാല്‍ നിര്‍മാണം തുടങ്ങി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറാന്‍ തീരുമാനം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ ദേശീയ പാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീക്കുന്ന ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ നിര്‍വഹണ ഏജന്‍സി സൂക്ഷിക്കണമെന്നും നിര്‍മാണ പ്രവൃത്തി നടത്തുന്നവര്‍ ഇവ പുനസ്ഥാപിക്കണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
ചെങ്കള- ചട്ടഞ്ചാല്‍ വരെയുള്ള പാതയില്‍ സര്‍വീസ് റോഡ് ഇല്ലാത്തതിനെ തുടര്‍ന്നുള്ള പ്രശ്ന പരിഹാരത്തിനായി ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് സംയുക്ത പരിശോധന നടത്തും. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളെ അനുകൂലിക്കില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍മാണ പ്രവൃത്തികള്‍ സമാന്തരമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും എ.ഡി.എം എ.കെ രമേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) നിര്‍വഹണ ഏജന്‍സി ജനപ്രതിനിധികള്‍ക്ക് ഉടന്‍ കൈമാറും. വിവിധ വിഷയങ്ങളില്‍ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ ദേശീയ പാതാ അതോറിറ്റിക്ക് കൈമാറാനും തീരുമാനിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author