നഗരസഭ ബസ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണം : വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി

Spread the love

പത്തനംതിട്ട നഗരസഭ ബസ് ടെര്‍മിനലിന്റെ യാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം യാര്‍ഡില്‍ പരിശോധന നടത്തി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.പ്രിയയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിദഗ്ധസംഘം ബസ്‌സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.ഇതിന്റെ ഭാഗമായി മുന്‍പ് ടാര്‍ ചെയ്തിരുന്നതിന്റെയും, നിലവിലുള്ള വെള്ളക്കെട്ടും മഴ പെയ്യുമ്പോഴുള്ള വെള്ളത്തിന്റെ ഒഴുക്കും വിശദമായി പഠിക്കുകയും ബസ് ഓണേഴ്‌സ് പ്രതിനിധികളുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് യാര്‍ഡിലെ നിലവിലെ ഉപരിതലത്തില്‍ നിന്ന് ഒന്നര മീറ്റര്‍ ആഴത്തില്‍ ജെസിബി ഉപയോഗിച്ച് കുഴിച്ച് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി എന്‍ജിനീയറിംഗ് കോളേജിലെ മണ്ണ് പരിശോധനാ ലാബിന് കൈമാറി. പരിശോധനാ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അടങ്കല്‍ തയ്യാറാക്കി നഗരകാര്യ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കും.

Author