തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ ഗവേഷണവും പഠനവും സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുന്ന
തരത്തിലാണ് നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയ അലുമ്‌നി അസോസിയേഷനെ മന്ത്രി അഭിനന്ദിച്ചു.
70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1958 ബാച്ച് ഡോ. രവീന്ദ്ര നാഥന്‍ നല്‍കിയ തുക ഉപയോഗിച്ചാണ് 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 നില കെട്ടിടം നിര്‍മ്മിച്ചത്. ആവശ്യമായ മറ്റ് ഉപകരണങ്ങളും ജീവനക്കാരും അലുമ്നി അസോസിയേഷന്‍ നല്‍കും. ഗ്രൗണ്ട് ഫ്‌ളോറില്‍ എംആര്‍എസ് മേനോന്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഫസ്റ്റ് ഫ്‌ളോറില്‍ വിസി മാത്യു റോയ് മെഡിക്കല്‍ അക്കാദമിയും പ്രവര്‍ത്തിക്കും.
കേരള ആരോഗ്യ സര്‍വകലാശാലയുടെ സഹകരണത്തോടെ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഈ നോളജ് സെന്റര്‍ പ്രവര്‍ത്തിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോളജ് സെന്ററിന്റെ നേതൃത്വത്തില്‍ പുതിയൊരു ജേണലും പുറത്തിറക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണം നടത്തുന്നതിനും അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും പ്രബന്ധങ്ങള്‍ അവതിരിപ്പിക്കുന്നതിനും ജേണലുകള്‍ പ്രസിദ്ധീകരിക്കുന്നതിനും കഴിയും.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, ഡോ. എം.വി. പിള്ള, ഡോ. ജോണ്‍ പണിക്കര്‍, ഡോ. ദിനേശ്, യു.എസ്.എ. കാര്‍ഡിയോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. രവീന്ദ്രനാഥന്‍, പ്രൊഫ. തങ്കമണി, അഡ്മിറല്‍ മുരളീധരന്‍, മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.യത്.