കോട്ടയം: സ്ത്രീകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്ന സ്ഥിതിയുണ്ടായാൽ ലിംഗനീതിയും സുരക്ഷയും ഉറപ്പാക്കാനാകുമെന്ന് വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി പറഞ്ഞു. കുടുംബശ്രീ സരസ് മേളയോടനുബന്ധിച്ച് ‘കുടുംബശ്രീ നാളെ- ഓക്സിലറി ഗ്രൂപ്പ്, സ്റ്റാർട്ട് അപ്പ് വിഷൻ 2022’ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കെ.സി. റോസക്കുട്ടി.സാമ്പത്തിക പുരോഗതി കൈവരിക്കാൻ സ്ത്രീകൾ സംരംഭകരും തൊഴിൽദാതാക്കളുമായി മാറണം. സ്ത്രീകൾക്ക് സംരംഭകരായി മാറാൻ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കാൻ വനിതാ വികസന കോർപ്പറേഷനും മറ്റു വകുപ്പുകളുമുണ്ട്. കുടുംബശ്രീയ്ക്ക് സംരംഭങ്ങൾ ആരംഭിക്കാൻ വനിതാ വികസന കോർപ്പറേഷൻ കൊളാറ്ററൽ സെക്യൂരിറ്റിയില്ലാതെ നൽകുന്ന വായ്പ മൂന്നു കോടിയാക്കി ഉയർത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ സ്ത്രീകൾ പ്രയോജനപ്പെടുത്തണം.
സുരക്ഷയുടെ പേരിൽ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സാമൂഹിക അന്തരീക്ഷം ഇപ്പോഴുമുണ്ട്. ഇതൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.