നിദാ ഫാത്തിമയുടെ മരണം നിര്‍ഭാഗ്യകരമെന്ന് കെ.സുധാകരന്‍ എംപി

Spread the love

ദേശീയ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ ആലപ്പുഴ സ്വദേശിനിയായ നിദാ ഫാത്തിമ എന്ന പത്തു വയസ്സുകാരി നാഗ്പൂരില്‍ മരണപ്പെടാനുണ്ടായ സംഭവം അത്യന്തം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കോടതിയില്‍ നിന്നുള്ള ഉത്തരവുമായാണ് നമ്മുടെ കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. അതിന്റെ പേരില്‍ ദേശീയ ഫെഡറേഷന്‍ അവരോട് കടുത്ത അവഗണനയാണ് കാട്ടിയത്. മത്സരിക്കാന്‍ അനുമതി നല്‍കിയ ഫെഡറേഷന്‍ ഭക്ഷണവും താമസ സൗകര്യങ്ങളും അവര്‍ക്ക് നിഷേധിച്ചു.കേരള

സൈക്കിള്‍ പോളോ അസോസിയേഷന്‍ അവിടെയുള്ള മറ്റുമലയാളികളുടെ സഹായത്തോടെ സ്വന്തം നിലയ്ക്കാണ് സൗകര്യങ്ങള്‍ ഏര്‍പ്പാടിക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. നമ്മുടെ കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന ദുരിതം മനസ്സിലാക്കി അടിയന്തരമായി ഇടപെടേണ്ട കടമയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനും കായിക വകുപ്പിനും ഉണ്ടായിരുന്നു.എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ വെറും കാഴ്ചക്കാരുടെ റോള്‍മാത്രമാണ് കായിക വകുപ്പ് സ്വീകരിച്ചത്.ഇത് ഗുരുതരമായ കൃത്യവിലോപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.നമ്മുടെ കുട്ടികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സുരക്ഷിത സാഹചര്യം ഉണ്ടാക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കായിക വകുപ്പും അതിനൊരു മന്ത്രിയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.

ദേശീയ ഫെഡറേഷന്റെ പിടിവാശിയും കായികവകുപ്പിന്റെ അലംഭാവവും കാരണം ഒരു കുരുന്നു ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്.എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കായികതാരങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നെന്നും സുധാകരന്‍ പറഞ്ഞു.

 

Author