മിസ്സോറി സംസ്ഥാന ട്രഷറര്‍ പദവിയില്‍ വിവേക് മാലിക്കിന് നിയമനം

Spread the love

മിസ്സോറി: മിസ്സോറി സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന ട്രഷറര്‍ പദവിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വിവേക് മാലിക്കിനെ നിയമിച്ചു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ഗവര്‍ണ്ണര്‍ മൈക്ക് പാര്‍സനാണ് നടത്തിയത്.

വൈല്‍ഡ് വുഡില്‍ നിന്നുള്ള അറ്റോര്‍ണിയും, ബിസ്സിനസ് ഓണറുമായ മാലിക്കിന്റെ നിയമനം അടുത്ത തലമുറക്ക് ആവേശം പകരുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. അമേരിക്കയുടെ മഹത്വത്തിന്റെ പ്രചോദനം എന്നും അമേരിക്കന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് എത്തിചേരുന്ന കുടിയേറ്റക്കാരിലാണെന്ന് പ്രസിഡന്റ് റീഗന്‍ പറഞ്ഞ വാക്കുകള്‍ ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് വിവേക് നല്‍കിവരുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ല്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നതിന് മുമ്പ് രണ്ട് വര്‍ഷം ട്രഷറര്‍ പദവിയിലിരിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

സംസ്ഥാന ട്രഷറര്‍ പദവി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ മഹാ ഭാഗ്യമായി കണക്കാക്കുന്നു. വിവേക് പറഞ്ഞു.

റോഹ്ടക്ക് മഹര്‍ഷി ദയാനന്ദ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, നിയമപഠനത്തില്‍ ഡോക്ടറേറ്റും, സൗത്ത് ഈസ്റ്റ് മിസ്സോറി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ.യും, ഇല്ലിനോയ് കോളേജ് ഓഫ് ലൊയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ലൊയും കരസ്ഥമാക്കിയ വിവേക് സമര്‍ത്ഥനായ അറ്റോര്‍ണിയുമാണ്.

Author