ജലാശയങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കാനും അതുവഴി പരിസ്ഥിതിയുടേയും നമ്മുടെ തന്നെയും ആരോഗ്യം നിലനിർത്താനുമുള്ള ആത്മാർത്ഥമായ പരിശ്രമം അനിവാര്യമാണ്. ഇതു ‘മാലിന്യമുക്തമായ കേരളം’ എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനു വേണ്ടിയാണ് കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ഗുണനിലവാര പരിശോധന ലാബുകളെ കൂടുതൽ ആധുനികവൽക്കരിക്കുന്നത്. ആ ദിശയിലുള്ള പ്രധാന ചുവടുവയ്പുകളിലൊന്നാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത 82 എൻഎബിഎൽ അംഗീകൃത കുടിവെള്ള ഗുണനിലവാര പരിശോധനാ
ലാബുകൾ. ജലജീവൻ മിഷൻ വഴി സജ്ജമാക്കിയ ഈ ലാബുകൾ രാജ്യാന്തര ഗുണനിലവാരമുള്ളവയാണ്.
ഗ്രാമീണ മേഖലകളിലെ കുടിവെള്ളത്തിൻ്റെ ഗുണനിലവാരത്തിലും കൂടുതൽ ശ്രദ്ധ ഊന്നേണ്ടതുണ്ട്. അതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ശാസ്ത്ര ലാബുകൾ പ്രവർത്തിക്കുന്ന എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുട്ടികൾക്കും അധ്യാപകർക്കും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താനുള്ള പരിശീലനം നൽകാൻ സർക്കാർ ലക്ഷ്യമിടുകയാണ്. അതിനു പുറമേ ഗുണനിലവാരമുള്ള കുടിവെള്ളം ഗ്രാമീണ മേഖലയിൽ ലഭ്യമാക്കാൻ ജലജീവൻ മിഷൻ്റെ പ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുന്നു. 2019-ൽ ഗ്രാമീണമേഖലയിൽ 17 ലക്ഷം കണക്ഷൻ എന്നത് 2024-ൽ ജലജീവൻ മിഷൻ പൂർത്തിയാകുമ്പോൾ 71 ലക്ഷം കണക്ഷൻ ആകും. മാലിന്യമുക്തമായ ജലാശയങ്ങളും ഗുണനിലവാരമുള്ള കുടിവെള്ളവും ആരോഗ്യമുള്ള സമൂഹത്തിനു അനിവാര്യമാണ്. അത് ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.