അരിസോണ: അരിസോണ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും പൂര്‍ത്തീകരിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് മെയ്‌സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്നു ക്രിസ് 2019ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു.
.5 ശതമാനത്തിന് താഴെയായിരുന്നു നേരത്തെ ക്രിസ്സിന് ലഭിച്ചിരുന്ന വോട്ടിന്റെ ഭൂരിപക്ഷം. .5 ശതമാനത്തില്‍ താഴെയാണെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. നവംബറില്‍ ക്രിസിന് 511 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതു വീണ്ടും എണ്ണിയപ്പോള്‍ 280 വോട്ടുകളുടെ ഭൂരിപക്ഷമായി ചുരുങ്ങി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്രഹാം ഹമദയെയാണ് ക്രിസ് പരാജയപ്പെടുത്തിയത്. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ക്രിസിന് 196 വോട്ടും, അബ്രഹാമിന് 427 വോട്ടും ലഭിച്ചിരുന്നു. പിനല്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം ഉണ്ടായത്. അരിസോണ അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയുടെ പരാജയം ട്രമ്പിന് വലിയ തിരിച്ചടിയായിരുന്നു.
അരിസോണയിലെ മൂന്ന് പ്രധാന സ്ഥാനങ്ങളിലേക്കാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കേറ്റി ഹോബ്‌സ്(ഗവര്‍ണ്ണര്‍), ആഡ്രിയന്‍ ഫോണ്ട്‌സ്(സെക്രട്ടറി ഓഫ് സ്റ്റേറ്റ്), അറ്റോര്‍ണി ജനറല്‍(ക്രിസ് മെയ്‌സ്). 2004 ലും 2006ലും അരിസോണ പബ്ലിക് യൂട്ടിലിറ്റി കമ്മീഷനംഗമായിരുന്ന ക്രിസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും 2019 ല്‍ രാജിവെച്ചിരുന്നു.