ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തക സമിതി വിപുലീകരിച്ചു – സണ്ണി മാളിയേക്കൽ

Spread the love

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തക സമിതിയിലേക്ക് നാലു മാധ്യമ പ്രവർത്തകരെ കൂടി നാമനിർദ്ദേശം ചെയ്ത് പ്രവർത്തനം വിപുലീകരിച്ചു. മാധ്യമ രംഗത്ത് സുപരിചിതരും, വ്യക്തിമുദ്ര പതിപ്പിച്ചതുമായ ലാലി ജോസഫ്, ജോജോ കോട്ടയ്ക്കൽ, അനശ്വർ മാമ്പള്ളി, തോമസ് ചിറമേൽ എന്നിവർ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രവർത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതായി സംഘടനയുടെ അഡ്വൈസറി ബോർഡ് ചെയർമാൻ ബിജിലി ജോർജ്ജ്, മുൻ പ്രസിഡന്റ് ടി. സി. ചാക്കോ എന്നിവർ അറിയിച്ചു. അമേരിക്കയിലെ ആദ്യകാല മാധ്യമ പ്രവർത്തകനും, പ്രമുഖ എഴുത്തുകാരനുമായ ഏബ്രഹാം തെക്കേമുറി സ്ഥാപക പ്രസിഡന്റായി പ്രവർത്തനമാരംഭിച്ച ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഇതിനകം ശക്തമായ മുന്നേറ്റം നടത്തിയ പ്രവാസി മാധ്യമ സംഘടനയാണു.

ആതുര സേവന രംഗത്തെ ഔദ്യോഗിക ജോലിയോടൊപ്പം, ഓൺലൈൻ മാധ്യമങ്ങളുടെ ആരംഭത്തിൽ തന്നെ അമേരിക്കയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകയാണു ലാലി ജോസഫ്. പ്രവാസ മലയാളി സംബന്ധിയായതും, മറ്റിതര വിഷയങ്ങളെ പറ്റിയും വ്യക്തമായ കാഴ്ചപ്പാടോടെ സമൂഹ മാധ്യമങ്ങളിൽ ബ്ലോഗുകൾ എഴുതി അനുവാചകരിൽ അവബോധം സൃഷ്ടിച്ച അനുഭവ സമ്പത്തുള്ള വ്യക്തിത്വത്തിനുടമയാണു ജോജോ കോട്ടയ്ക്കൽ. ആനുകാലിക വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ നടത്തുകയും, സാഹിത്യ- നാടക അഭിനയ രംഗത്തും സജീവ സാന്നിദ്ധ്യമായ അനശ്വർ മാമ്പള്ളി, നിലവിൽ പ്രവാസി സംഘടനയായ കേരളാ അസോസിയേഷൻ ഡാളസിന്റെ സെക്രട്ടറിയുമാണു. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മാധ്യമ രംഗത്ത് പ്രവർത്തിപരിചയം സിദ്ധിച്ച തോമസ് ചിറമേൽ, അറിയപ്പെടുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണു. അമേരിക്കയിലും, പ്രത്യേകാൽ ഡാളസ്-ഫോർട്ട് വർത്ത് മലയാളി സമൂഹത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭകൾ ഐ. പി. സി. എൻ. ടി. പ്രവർത്തനങ്ങൾക്ക് തികച്ചും മുതൽക്കൂട്ടാകുമെന്ന് സ്ഥാപക പ്രസിഡന്റ് ശ്രീ ഏബ്രഹാം തെക്കേമുറി പ്രത്യാശിച്ചു.

അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് അംഗീകാരം നൽകുക, കേരളത്തിലുള്ള അർഹരായ മാധ്യമ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, മാധ്യമ പഠന കളരി എന്നിവ ഉൾപ്പെടുത്തി 2023 ലെ വിവിധ കർമ്മ പരിപാടികൾക്ക് പദ്ധതി തയ്യാറാക്കിയതായി പ്രസിഡന്റ് സിജു വി. ജോർജ്ജ്, സെക്രട്ടറി സാം മാത്യു എന്നിവർ അറിയിച്ചു.

ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് നേതൃത്വം നൽകുന്ന കർമ്മ പരിപാടികളിൽ പങ്കാളികളാകണമെന്ന് അമേരിക്കയിലെ മാധ്യമ പ്രവർത്തകരോട് പ്രസിഡന്റ് സിജു വി. ജോർജ്ജ് അഭ്യർത്ഥിച്ചു. സംഘടനയിലേക്ക് പുതിയതായി അംഗത്വം സ്വീകരിച്ചവർക്ക് ട്രഷറർ ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ, മീനു എലിസബത്ത്, അഞ്ജു ബിജിലി എന്നിവർ ആശംസകൾ അറിയിച്ചു.

 

Author