കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി വനിതകളുടെ സംഘങ്ങൾ രൂപീകരിക്കണം:മന്ത്രി

ഭിന്നശേഷിക്കാരായ വനിതകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് കുടുബശ്രീ മാതൃകയിൽ വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷിക്കാരായ വനിതകളെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തേണ്ടതു സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ ‘ഭിന്നശേഷി സ്ത്രീകളുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാർക്കു സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനു നിലനിൽക്കുന്ന തടസങ്ങൾ പൂർണമായി ഇല്ലാതാക്കണമെന്നു മന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ‘ബാരിയർ ഫ്രീ കേരളം’ യാഥാർഥ്യമാക്കാൻ സർക്കാർ പരിശ്രമിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ വ്യവഹാര മേഖലകളിലും ആത്മവിശ്വാസത്തോടെ കടന്നുവരാൻ ഭിന്നശേഷിക്കാർക്കു കഴിയണം. പൊതു ഇടങ്ങളിലും കലാലയങ്ങളിലും യാത്രാ സംവിധാനങ്ങളിലുമെല്ലാം യാതൊരു വേർതിരിവോ തടസമോ ഇല്ലാതെ ഇവർക്ക് ഇടപഴകാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. രാധാകൃഷ്ണൻ നായർ, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ, കോഴിക്കോട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആർ.എൽ ബൈജു, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയ ഡാളി, സിആർസി കേരള ഡയറക്ടർ ഡോ. റോഷൻ ബിജലി, ഡി.എ.ഡബ്ല്യു.എഫ്. സെക്രട്ടറി ഗിരീഷ് കീർത്തി, വനിതാ കമ്മിഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ, പ്രൊജക്ട് ഓഫിസർ എൻ. ദിവ്യ, പബ്ലിക് റിലേഷൻസ് ഓഫിസർ ശ്രീകാന്ത് എം. ഗിരിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Leave Comment