ശമ്പളം നല്‍കാതെ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നുയെന്ന് റ്റിഡിഎഫ്

Spread the love

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ സര്‍ക്കാര്‍ തൊഴിലാളികളെ കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നൂയെന്ന് റ്റിഡിഎഫ് സംസ്ഥാന പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി.  ശമ്പളം വെെകുന്നതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് ഹെഡ് ഓഫീസിന് മുന്നില്‍ റ്റിഡിഎഫിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. ആ മാസത്തില്‍ ഒഴികെ ഇന്നുവരെ ഇത് കൃത്യമായി പാലിക്കാന്‍ സര്‍ക്കാരിനും മാനേജ്മെന്‍റിനുമായില്ല.തൊഴിലാളികളുടെ ക്ഷേമകാര്യത്തെ കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു പരിഗണനയുമില്ല.ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ അതിക വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. വരുമാനത്തില്‍ നിന്ന് വേതനത്തിനുള്ള വിഹിതം മാറ്റിവെച്ചിട്ടേ മറ്റുകാര്യങ്ങള്‍ക്ക് തുക ചെലവഴിക്കാവൂയെന്ന് ഹെെക്കോടതി നിര്‍ദ്ദേശിച്ചിട്ടും ജീവനക്കാരോട് സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുന്നില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്നും തൊഴിലാളികളോടുള്ള അവഗണന അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

റ്റിഡിഎഫ് ഭാരവാഹികളായ എസ് കെ. മണിയും ബിനു ജോണുമാണ് നിരഹാര സമരം നടത്തുന്നത്. വര്‍ക്കിംഗ് പ്രസിഡന്‍റ് എം.വിന്‍സന്‍റ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അജയകുമാര്‍,രാജീവന്‍,അജിത്ത്, സുഷകുമാര്‍,രാജേഷ്,മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author