സർക്കാർ ലഹരി വിരുദ്ധ കാമ്പയിൻ നടത്തുമ്പോൾ പാർട്ടി നേതാക്കൾ ലഹരി മാഫിയകളാകുന്നു – പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പ് 

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സി.പി.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സി.പി.എം നേതാവിൻ്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്ത്.

സി.പി.എം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാൻ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത്?

ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണ്. സി.പി.എം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ കാമ്പയിൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ട്.

ലഹരി -ഗുണ്ടാ മാഫിയകൾക്ക് പിന്നിൽ സി.പി.എം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബർ 9-ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.

ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നതിന് നേതൃത്വം നൽകിയ ഷാനവാസ് സി.പി.എം തണലിൽ കാലങ്ങളായി ഇത്തരം ഇടപാടുകൾ നടത്തിയിരുന്ന ആളാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അശ്ലീല വീഡിയോയുമായി മറ്റൊരു നേതാവ് പിടിയിലായതും ആലപ്പുഴയിലാണ്.

ലഹരി മാഫികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയിൽ പല തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തുടർ ഭരണത്തിൻ്റെ ഹുങ്കിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി മുതൽ കേന്ദ്ര കമ്മിറ്റി വരെയുള്ളവർ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തുടരുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണ്.

Author