പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ജോർജ് മത്തായി പുരസ്‌കാരം ഏറ്റുവാങ്ങി : ഷാജൻ ജോൺ ഇടക്കാട്

Spread the love

ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ല: ഡോ. പോൾ മണലിൽ

തിരുവല്ല : ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ലന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പോൾ മണലിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ഐപിസി പ്രയർ സെന്റർ ഹാളിൽ നടത്തിയ സാഹിത്യ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇടങ്ങളിൽ സാമൂഹിക പരിവർത്തനം ഉണ്ടായിട്ടുണ്ടെന്നും അനാചാരങ്ങൾക്കെതിരെ പോരാടുന്ന ചാട്ടവാറുകൾ ആകുവാൻ മാധ്യമപ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ആശയ വിനിമയം കൊണ്ടു രൂപാന്തരീകരണം നടക്കണം. പത്രപ്രവർത്തനത്തിലൂടെ നടക്കുന്നത് ആശയ വിനിമയമാണ്.ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരുമായി പങ്കു വയ്ക്കുവാനാണ് ക്രിസ്തീയ പത്രപ്രവർത്തനം ശ്രദ്ധിക്കേണ്ടത്. പെന്തക്കോസ്തു സമൂഹത്തിലെ നല്ല വിഭാഗം എഴുത്തുകാരും ആ കാര്യത്തിൽ വിജയിക്കുന്നുണ്ട് എന്നും ഡോ.പോൾ മണലിൽ പറഞ്ഞു.
അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷനായിരുന്നു. പവർവിഷൻ ടി.വി. ചെയർമാൻ ഡോ. കെ.സി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ബ്രദർ ജോർജ് മത്തായി സി പി എ യുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം പാസ്റ്റർ കെ.സി.ജോണിൽ നിന്ന് ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ഏറ്റുവാങ്ങി.

പാസ്റ്റർ രാജു പൂവക്കാല അനുഗ്രഹ പ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആമുഖപ്രസംഗം നടത്തി. ജോൺസൺ മേലേടം (ഡാളസ്സ്) ഓർമ്മകൾ പങ്കുവച്ചു. അസോസിയേഷൻ സ്ഥാപക സെക്രട്ടറി സജി മത്തായി കാതേട്ട്, ‘ജോർജ് മത്തായി ‘ പുരസ്കാരത്തെ സംബന്ധിച്ച പ്രസ്താവന നടത്തി. അസോസിയേഷൻ നിർവാഹക സമിതിയംഗം ഫിന്നി പി. മാത്യു പുരസ്കാര ജേതാവിൻ്റെ ജീവിതരേഖ അവതരിപ്പിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകരായ അച്ചൻകുഞ്ഞ് ഇലന്തൂർ, കെ. എൻ റസൽ, സി .പി .മോനായി, പാസ്റ്റർ സണ്ണി ഫിലിപ്പ് ( ന്യൂയോർക്ക്), തോമസ് വർഗീസ് സി.പി.എ, പാസ്റ്റർ സണ്ണി താഴാംപള്ളം, മാത്യൂ പാലത്തിങ്കൽ , ജോജി ഐപ്പ് മാത്യൂസ്, സിസ്റ്റർ സൂസൻ ചെറിയാൻ എന്നിവർ ആശംസാപ്രഭാഷണം നടത്തി.

അസോസിയേഷൻ പ്രതിനിധി അനീഷ് കൊല്ലങ്കോട് സ്വാഗതമാശംസിച്ചു.തിരുവല്ല ഐ.പി.സി.പ്രയ്സ് സെൻ്റർ ഗായകസംഘം സംഗീത ശുശ്രുഷ നയിച്ചു.ഷാജൻ ജോൺ ഇടക്കാട് പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു.

പാസ്റ്റർ ബെന്നി ജോൺ, പാസ്റ്റർ മാത്യു തോമസ് എന്നിവർ പ്രാർത്ഥന നയിച്ചു. വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, അഭ്യൂദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Author