കൊച്ചി: വരാന്‍പോകുന്ന സംസ്ഥാന ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള അണിയറനീക്കത്തില്‍ നിന്ന് ധനകാര്യവകുപ്പ് പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ധനകാര്യ ധൂര്‍ത്തിന്റെ ഇരകളായി അസംഘടിത കര്‍ഷകസമൂഹത്തെ ഇനിയും വിട്ടുകൊടുക്കാനാവില്ല. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ ശമ്പളക്കുതിപ്പിനായി, തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകരെ ദ്രോഹിക്കുന്നത് എതിര്‍ക്കപ്പെടണം. 2011 ലെ ഭൂനികുതി 11 രൂപയെങ്കില്‍ 2022ലത് 88 രൂപയായി പതിന്മടങ്ങ് വര്‍ദ്ധിച്ചു. അതേസമയം കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച
അതിരൂക്ഷവുമാണ്. ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കവും ഭൂമിയുടെ ക്രയവിക്രയത്തെയും കര്‍ഷകരുടെ നിലനില്പിനെയും ബാധിക്കും. ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ കാര്‍ഷികമേഖലയിലെ ഭൂമിയുടെ ക്രയവിക്രയം നിലച്ചിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പരാജയപ്പെട്ടു. കഴിഞ്ഞ ബജറ്റിലെ
പ്രഖ്യാപനങ്ങള്‍പോലും വെറും പ്രസംഗങ്ങള്‍ക്കപ്പുറം യാതൊരു നടപടികളുമില്ലാതെ അസ്തമിച്ചുകൊണ്ടിരിക്കുന്നു. കര്‍ഷകരുള്‍പ്പെടെ ജനങ്ങളുടെമേല്‍ അമിതഭാരമേല്‍പിച്ച് ജനജീവിതം പ്രതിസന്ധിയിലാക്കാതെ ഭരണരംഗത്തെ ധൂര്‍ത്തും ദുര്‍ചെലവുകളും അവസാനിപ്പിക്കുകയാണ് വരുംനാളുകളില്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ ഓര്‍മ്മിപ്പിച്ചു.
അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി ജനറല്‍, ഇന്‍ഫാം