സങ്കുചിത ദേശീയത എന്ന വിപത്ത് എറിക് ഹോബ്‌സ്ബാംമുൻകൂട്ടി കണ്ടു : മന്ത്രി ബിന്ദു

Spread the love

ഇരുപതാം നൂറ്റാണ്ട് മുന്നോട്ടുപോകുമ്പോൾ സങ്കുചിത ദേശീയത ഉയർത്തുന്ന വിപത്തുകൾ മാനവരാശിയെ അലട്ടും എന്നത് പ്രസിദ്ധ ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം മുൻകൂട്ടി കണ്ടു പ്രവചിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. ‘ചരിത്രമെന്നത് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരേണ്ട അഗ്‌നിയാണ് എന്ന ബോധ്യത്തിലാണ് ഹോബ്‌സ്ബാം ചരിത്രരചന നടത്തിയത്. വിപ്ലവങ്ങളുടെ ചരിത്രകാരൻ എന്ന് നിസ്സംശയം പറയാവുന്ന ഹോബ്‌സ്ബാമിൻറെ വിവർത്തനത്തിലൂടെ ആർ പാർവതീദേവി പുതിയ തലമുറയ്ക്ക് പ്രധാന സംഭാവനയാണ് നൽകിയിരിക്കുന്നത്,’ എറിക് ഹോബ്‌സ്ബാം രചിച്ച് ആർ പാർവതീദേവി വിവർത്തനം ചെയ്ത, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വിപ്ലവകാരികൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ച് സംസാരിക്കവെ മന്ത്രി ബിന്ദു പറഞ്ഞു.

ലോകമെമ്പാടും നടന്ന ചരിത്രസംഭവങ്ങളെ, പ്രത്യേകിച്ച് യൂറോപ്പിൽ നടന്നത് മനുഷ്യപക്ഷത്ത് നിന്ന് വ്യാഖ്യാനിക്കുകയാണ് ‘വിപ്ലവകാരികൾ’ എന്ന പുസ്തകത്തിലൂടെ എറിക് ഹോബ്‌സ്ബാം ചെയ്തത്. സംഭവങ്ങളുടെ വിശകലനങ്ങളെ ആധാരമാക്കി, സംഭവ സവിശേഷതകളുടെ പ്രത്യേകത അനുസരിച്ചാണ് അദ്ദേഹം നൂറ്റാണ്ടിനെ വിഭജിച്ചത്. അല്ലാതെ സംഖ്യാക്രമത്തിൽ ആയിരുന്നില്ല. വിപ്ലവകാരികൾ എന്നതുകൊണ്ട് ഗ്രന്ഥകാരൻ ഉദ്ദേശിച്ചത് അധ്വാനിക്കുന്ന തൊഴിലാളികളെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പുസ്തകം സ്വീകരിച്ച കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രഫസറും ഡീനുമായ ഡോ. മീന ടി പിള്ള മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അധ്യക്ഷത വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരുപാട് നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലുംഭൂരിഭാഗവും വേണ്ട വിധം വായനക്കാരിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുസ്തകങ്ങൾ അർഹിക്കുന്ന വിധം ആളുകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ ഡോ. പ്രിയ വർഗീസ്, ഡോ. ഷിബു ശ്രീധർ, ആർ പാർവതി ദേവി എന്നിവർ സംസാരിച്ചു.

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായ പരിവർത്തനം വിശകലനം ചെയ്യുന്ന അഞ്ച് ഭാഗങ്ങളായുള്ള 27 ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ചരിത്രമാണ് ആദ്യഭാഗത്ത് പ്രതിപാദിക്കുന്നത്. 425 രൂപ വിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.

Author