കോണ്‍ഗ്രസിന്റെ ചരിത്ര യാത്ര അവസാനഘട്ടത്തിലേക്ക് എത്തി നില്ക്കുന്ന സമയമാണിത്. രാജ്യത്താകമാനം വര്‍ഗീയതയ്ക്കെതിരേയും കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി രാഹുല്‍ജി നടന്നു നീങ്ങുന്നത് ഇന്ത്യയുടെ ആത്മാവിലേക്കാണ്. കേന്ദ്രസര്‍ക്കാരിനെതിരെ പോരാട്ടം നടത്തുന്ന എല്ലാ കക്ഷികളും ഇന്ന് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മാറി കഴിഞ്ഞു. അതിന്റെ ഭാഗമായി തന്നെ കാണേണ്ടതാണ് ബിബിസി തയാറാക്കിയ ഡോക്യുമെന്ററിയേയും. അവ്യക്തമായ ചില ചിത്രങ്ങളോ മെനഞ്ഞെടുത്ത കഥകളോ അല്ല അത്, ഇന്ത്യയുടെ ആത്മാവ് മുറിവേറ്റ ദിനങ്ങളും അതില്‍ സംഘപരിവാര്‍ ശക്തികളുടെ സ്വാധീനവുമൊക്കെ തുറന്നു പറയുന്ന ആവിഷ്ക്കാരമാണ്. എന്തുകൊണ്ടും ഇന്ത്യന്‍ ജനത കണ്ടറിയേണ്ട അനുഭവം. അതിന്റെ ഗൗരവം തിരിച്ചറിഞ്ഞും അത് എത്രത്തോളം മോദിയ്ക്ക് തിരിച്ചടിയുമാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടുമാണ് നിരോധനം എന്ന മഹായുധം കേന്ദ്രം വിനിയോഗിക്കുന്നതും. അതുകൊണ്ടുതന്നെ ഈ ഡോക്യുമെന്ററി രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടുമ്പോഴാണ് അനില്‍ ആന്റണിയുടെ വ്യത്യസ്തമായ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശവും ആദര്‍ശവുമൊക്കെ പകര്‍ന്ന നേതാവാണ് എ. കെ. ആന്റണി. അദ്ദേഹത്തിന്റെ പുത്രനെന്ന ലേബലിനും അപ്പുറം വലിയ സ്വാധീനമൊന്നും പറയാന്‍ അനില്‍ ആന്റണിയ്ക്കില്ല. വിവാദങ്ങളിലൂടെ മാത്രം മലയാളി പരിചയപ്പെട്ട ചെറുപ്പക്കാരന്. നേതാവെന്ന വിശേഷണത്തിനുപോലും അദ്ദേഹം അര്‍ഹനാണോ എന്ന കാര്യത്തിലും സംശയമുണ്ട്. എന്തായാലും എത്ര പെട്ടെന്നാണ് വീണ്ടും അനില്‍ ആന്റണി നമുക്കിടയില്‍ ചര്‍ച്ച വിഷയമായത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നിലപാടിനെ തിരുത്തി പറഞ്ഞും വിമര്‍ശിച്ചും സംസാരിച്ച അനില്‍ ആന്റണി എന്ത് രാഷ്ട്രീയമൂല്യമാണ് ഉയര്‍ത്തിപിടിച്ചതെന്ന് മനസ്സിലാകുന്നില്ല. അതിവേഗത്തില്‍ രാഷ്ട്രത്തിന്റെ മുഴുവന്‍ വിമര്‍ശനങ്ങളും ഇന്നീ ചെറുപ്പക്കാരന് ഏറ്റുവാങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസിനെതിരെ ശബ്ദമുയര്‍ത്തിയ അനില്‍ ആന്റണിയെ നേതാക്കള്‍ ഒറ്റെട്ടായി ചെറുത്തുനിന്നു എന്നത് എടുത്തു പറയേണം. അതിവേഗത്തില്‍ അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചതുപോലും ആ പ്രതിഷേധത്തിന്റെ ചൂടാണ്. കോണ്‍ഗ്രസിന്റെ നയങ്ങളേയും നിലപാടുകളേയും മലീമസമാക്കുന്ന ഇത്തരം നേതാക്കളെ ഒറ്റപ്പെടുത്തുക തന്നെ വേണം. ഇതിൻ്റെ പ്രധാന കാരണം മക്കൾ രാഷ്ട്രീയത്തിൻ്റെ കണ്ണികളിൽ ഒന്നാണ് അനിലും എന്നതാണ്. താഴേ തട്ടിലുള്ള പ്രവർത്തനങ്ങളില്ലാതെ പിതാവിൻ്റെ ലേബലിൽ സ്ഥാനം കണ്ടെത്തിയ യുവാവ്. സംഘടനാ പ്രവർത്തനത്തിൻ്റെ ഹരിശ്രീ അറിയാത്ത ഇവർ തോന്നുംപടി പ്രവർത്തിക്കും. അപക്വമായ ഇത്തരം പ്രസ്ഥാവനകൾ പലപ്പോഴും ഉണ്ടാകുന്നതും ഇവരിൽ നിന്നുമാണ്.
അനിലില്‍ നിന്നുണ്ടായ ട്വിറ്റ് സംഘപരിവാര്‍ സംഘടനകള്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കി മാറ്റിയിട്ടുണ്ട്. തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ് ഇത്. ജോഡോ യാത്രയുടെ പ്രസക്തി തിരിച്ചറിയാത്ത അനില്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിച്ചുവെന്ന് അന്വേഷിക്കണം. തീര്‍ത്തും അപഹാസ്യനായി മാറിയ ഈ യുവാവ് ആന്റണിയുടെ പേരിനുപോലും കളങ്കം ചാര്‍ത്തിയെന്നത് പറയാതെ വയ്യ. കേരളത്തിലെ അടക്കം യുവാക്കള്‍ അനിലിനെ നവമാധ്യമങ്ങളില്‍ പൊളിച്ചടുക്കുമ്പോള്‍ അതില്‍ തെല്ലും കുറ്റബോധം അനിലിന് ഇല്ല എന്നും തിരിച്ചറിയണം. തന്റെ ഒരു വാക്കുപോലും തിരുത്തില്ല എന്നു പറയുന്നത് വെല്ലുവിളിയുടെ ശബ്ദമായി വ്യാഖ്യാനിച്ചാലും ആര്‍ക്കാണ് കുറ്റം പറയാന്‍ കഴിയുക?
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമ്പോഴാണ് ഇത്തരം പ്രതികരണങ്ങള്‍. അനില്‍ തന്റെ രാഷ്ട്രീയവഴികളും പാരനമ്പര്യവുമൊക്കെ മറന്നാണ് പലപ്പോഴും പ്രതികരിച്ചിട്ടുള്ളതും നടന്നു നീങ്ങിയിട്ടുള്ളതും. എന്തായാലും അനിലില്‍ ഒതുങ്ങുന്നതല്ല കോണ്‍ഗ്രസിന്റെ ശബ്ദവും നിലപാടുകളും. ബിബിസിയുടെ ഡോക്യുമെന്ററിയ്ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസും, ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും. അത് രാജ്യത്തിനുവേണ്ടിയാണ്. ജനതയെ കൂടുതല്‍ തിരിച്ചറിവിലേക്ക് നയിക്കുന്നതിനുമാണ്.