ബിബിസി ഡോക്യുമെന്ററി ശംഖുമുഖം കടപ്പുറത്ത് ജനങ്ങള്‍ക്കായി കെപിസിസി പ്രദര്‍ശിപ്പിച്ചു

Spread the love

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് പൊതുജനങ്ങള്‍ക്കായി കെപിസിസി പ്രദര്‍ശിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി ഭാരവാഹികളായ വിടി ബല്‍റാം,ജിഎസ് ബാബു, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഗുജറാത്ത് വംശഹത്യയുടെ നേര്‍ചിത്രം തുറന്നുകാട്ടുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ ബിജെപി അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും പ്രദര്‍ശനത്തിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കുറ്റബോധം കൊണ്ടാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

അഭിപ്രായപ്പെട്ടു.ഗുജറാത്ത് കലാപത്തിന്റെ പാപക്കറ കാലമെത്ര കഴിഞ്ഞാലും മോദിയുയെയും അമിത് ഷായെയും വിട്ടുപോകില്ല. സുപ്രീം കോടതിവിധിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനും യഥാര്‍ത്ഥ സത്യത്തെ കുഴിച്ച് മൂടാന്‍ കഴിയില്ല. സംഘപരിവാറിന്റെയും മോദിയുടെയും അമിത് ഷായുടെയും പങ്ക് ബിബിസി ഡോക്യുമെന്ററിയിലൂടെ തുറന്നുകാട്ടപ്പെടുന്നു. രാജ്യത്തുടനീളം അത് പ്രദര്‍ശിപ്പിച്ച് ജനകീയ കോടതിയില്‍ വിചരാണ ചെയ്യാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശംഖുമുഖത്തെ പ്രദര്‍ശനത്തിന് മുമ്പായി പാര്‍ട്ടി നേതാക്കള്‍ക്കും ജീവനക്കാര്‍ക്കുമായി കെപിസിസി ആസ്ഥാനത്ത് ആദ്യം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ ഉണ്ടായതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജി എസ് ബാബു പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം തുടരുമെന്ന് വിടി ബല്‍റാം അറിയിച്ചു. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിന്റെ ആമുഖവും രണ്ടാംഭാഗവുമാണ് ശംഖുമുഖത്ത് പ്രദര്‍ശിപ്പിച്ചത്.

 

 

Author