ഗൃഹാതുരത്വത്തിന്റെ ജീവിതവർത്തമാനങ്ങളുമായി ഇ എൻ ശാന്തി

Spread the love

കൊച്ചി: പരിസരങ്ങളുടെ കാലാനുസൃത മാറ്റങ്ങൾ ആസ്‌പദമാക്കിയ ജീവിതവർത്തമാനങ്ങളാണ് ബിനാലെയിൽ ഇ എൻ ശാന്തി എന്ന മലയാളി ചിത്രകാരിയുടെ കലാവിഷ്‌കാരങ്ങൾ. ഗൃഹാതുരത്വമാർന്നവ. നാഗങ്ങളെ കുടിയിരുത്തിയ കാവും പാലമരവും ഒക്കെ ഈ ഇരിങ്ങാലക്കുടക്കാരിയുടെ വർണ്ണ ചിത്രങ്ങളിൽ ജീവനോടെ നിറയുന്നു. കുടുംബവീടും ബാല്യകാല സ്മരണകളും പഴമയില്‍ നിന്നു പുതുമയിലേക്ക് ചേക്കേറിയ കാവിന്റെ സംക്രമണവുമടങ്ങിയ നിറങ്ങളിൽ ഭാവത്തികവ് പകർന്ന രണ്ട് പരമ്പരകളായാണ് ഫോർട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസിൽ ശാന്തിയുടെ പെയിന്റിംഗുകൾ.

വീട്ടുതൊടിയിലെ കാവും മരങ്ങളും കുഞ്ഞു ശാന്തിയുടെ മനസ്സില്‍ ഭയം കോറിയിരുന്നു. കാവ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ആചാരാനുഷ്‌ഠാനങ്ങളില്‍ മൂടപ്പെട്ട കാവ് പെണ്‍കുട്ടികള്‍ക്ക് വിലക്കപ്പെട്ടതായിരുന്നു. കേട്ടറിഞ്ഞ ആ വിലക്കുകൾക്കാണ് ശാന്തി ചിത്രങ്ങളായി ആഖ്യാനം നൽകിയത്. കുട്ടിക്കാലത്തെ ഭയം മുതിര്‍ന്നപ്പോള്‍ ജിജ്ഞാസയ്ക്ക് വഴിമാറി. പഴയ കാവിന്റെ നഷ്ടങ്ങളും പുതിയ കാവിന്റെ നിര്‍മിതിയും ചിത്രങ്ങളാക്കണമെന്ന ആഗ്രഹം അങ്ങനെയുണ്ടായതാണെന്നു ശാന്തി പറയുന്നു. ബിനാലെയിലെ കാവിന്റെ ചിത്രങ്ങള്‍ തീർത്തും ഭാവനയാണെന്നും ഇതുവരെ കാവ് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ചിത്രകാരി.

കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. അക്കാല ഓർമ്മകൾ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്രത്തിലും ഓരോ പ്രദേശമാണ് വരഞ്ഞതെന്ന് ശാന്തി പറഞ്ഞു. സ്ത്രീകള്‍ ഓല മെടയുന്നത്, കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണർവെള്ളം കോരുന്നത് ….. തുടങ്ങി കഥകൾ പറയാനുണ്ട് ഓരോ ചിത്രത്തിനും. പോസ്റ്റ് കളര്‍, ആക്രിലിക്, വാട്ടര്‍ കളര്‍ എന്നിവയായിലാണ് ദശകത്തിലേറെയായി തൃശ്ശൂര്‍ ജവഹര്‍ ബാലഭവനിലെ കലാധ്യാപികയായ ശാന്തി ചിത്രങ്ങളൊരുക്കിയത്.

Report :  Aishwarya

Author