പി എം ജെ വി കെ – വയനാടിന് അർഹമായ പരിഗണന നൽകണം – രാഹുൽ ഗാന്ധി എം പി

Spread the love

സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ ജില്ലായായ വയനാടിന് പി എം ജെ വി കെ പദ്ധതിയിൽ അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വയനാട് ജില്ലയിൽ നിന്നും 111. 33 കോടിയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ 4 പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയ്യാറാക്കിയ അജണ്ട നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ്‌ രാഹുൽ ഗാന്ധി എം പി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്‌.

‘സംസ്ഥാനതല സമിതി (എസ്‌ എൽ സി) പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിന് (പി എം ജെ വി കെ) കീഴിൽ പരിഗണിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് 2022 ഒക്‌ടോബർ 28ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിനൊപ്പം വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാതല കമ്മിറ്റികൾ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിച്ച യഥാക്രമം 37, 17, 3 പദ്ധതികൾ കൈമാറുകയും വയനാട് നിയോജക മണ്ഡലത്തിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും സൃഷ്ടിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023 ജനുവരി 20 ന് പി എം ജെ വി കെ യുടെ സംസ്ഥാനതല കമ്മിറ്റി യോഗത്തിനായി അജണ്ട കുറിപ്പ് തയ്യാറാക്കിയതിൽ വയനാട്‌ പാർലമന്റ്‌ മണ്ഡലത്തിൽ നിന്ന് 6 പദ്ധതികൾ മാത്രമാണ്‌ ഉൾപ്പെടുത്തിയത്‌. വയനാട് ജില്ലയിൽ നിന്ന് 4-ഉം മലപ്പുറം ജില്ലയിൽ നിന്ന് 2-ഉം. കോഴിക്കോട്‌ ജില്ലയിൽ നിന്ന് ഒരു പദ്ധതി പോലുമില്ല.‌

പി എം ജെ വി കെ യുടെ പുതുക്കിയ മാർഗനിർദേശങ്ങൾ, ആസ്പിരേഷണൽ ജില്ലകളിൽ നിന്നുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, ജില്ലാതല സമിതി സമർപ്പിച്ച പദ്ധതികളുടെ പട്ടികയും സംസ്ഥാനതല സമിതിയുടെ പരിഗണനയിലുള്ള പദ്ധതികളുടെ പട്ടികയും തമ്മിലുള്ള പ്രകടമായ വ്യത്യാസം വലിയ ആശങ്ക ഉളവാക്കുന്നതാണ്‌. സംസ്ഥാനതല കമ്മിറ്റി പരിഗണിക്കുന്ന പദ്ധതികളുടെ നേർപ്പിച്ച ലിസ്റ്റ് കേരളത്തിലെ ഏക ആസ്പിരേഷണൽ ജില്ലയായ വയനാടിന്റെ അടിസ്ഥാന വികസന ആവശ്യങ്ങളോടുള്ള വലിയ അവഗണനയാണ് കാണിക്കുന്നത്. ഇത് പി എം ജെ വി കെയുടെയും പഴയ മൾട്ടി-സെക്ടറൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും അന്തഃസത്ത തന്നെ ചോദ്യം ചെയ്യുന്നതാണ്‌. സംസ്ഥാനതല സമിതി ഇക്കാര്യം പരിശോധിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിൽ മതിയായ പദ്ധതികൾക്ക് അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.’ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തിൽ രാഹുൽ ഗാന്ധി എം പി കുറിച്ചു.

 

Author