കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജനകീയ മുന്നേറ്റത്തിന്റെ പുത്തന്‍ അധ്യായമാണിത്. പോരാട്ടതുല്യമായ 145 ദിവസങ്ങള്‍, പ്രതീക്ഷകളോടെ കൈചേര്‍ത്തു നടന്ന 3500 കിലോ മീറ്ററുകള്‍. ഇന്ത്യയുടെ ആത്മാവറിഞ്ഞും മുറിപ്പാടുകള്‍ പതിഞ്ഞ ഇടങ്ങളില്‍ കരുതല്‍ സ്പര്‍ശം പകര്‍ന്നും രാഹുല്‍ ഗാന്ധി ഇതോടെ പുത്തന്‍ സൂര്യതേജസായി മാറി കഴിഞ്ഞു. വര്‍ഗീയതയുടെ വിഷം ഭാരതമണ്ണിനെ മലിനമാക്കില്ലെന്നും ജനാധിപത്യത്തിന്റെ കാവലാളായി കോണ്‍ഗ്രസ് പ്രസ്ഥാനമുണ്ടാകുമെന്നും എന്ന ഓര്‍മപ്പെടുത്തലായിരുന്നു ഈ യാത്ര. രാഹുല്‍ ഗാന്ധി ഇവിടെ പുതുജീവന്‍ രചിച്ചത് പ്രതീക്ഷകളുടെ പുത്തന്‍ താളുകളിലാണ്. നടന്നു നീങ്ങിയതാകട്ടെ നല്ല നാളെകള്‍ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചും.
ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ലഭിക്കുന്ന പിന്തുണ ആരേയും അതിശയിപ്പിക്കുന്നതാണ്. കടന്നുപോയ വഴികളിലൊക്കെ പ്രിയപ്പെട്ട നേതാവിന് പിന്തുണയുമായി പതിനായിരങ്ങളെത്തി. ആ യാത്രയുടെ ലക്ഷ്യം അത്രമേല്‍ സുതാര്യവും കാലഘട്ടം ആവശ്യപ്പെടുന്നതുമാണ് എന്നതുതന്നെയാണ് അതിന്റെ പ്രധാന കാരണം. അവിശ്വസനീയമാംവണ്ണം പല ഇടങ്ങളിലും അപ്രതീക്ഷിതമായി പല നേതാക്കളും ഈ യാത്രയുടെ ഭാഗമായി. ഇന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ മുന്നണികള്‍ കടന്നെത്തുന്നത് തന്നെ ആ യാത്രയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ്.
യാത്രയുടെ ഓരോഘട്ടത്തിലും കിട്ടുന്ന പിന്തുണ ആവേശം കൊള്ളിക്കുന്നതായിരുന്നു. കേന്ദ്രസര്‍ക്കാരിനെ ഇത് കുറച്ചൊന്നുമല്ല ഉറക്കം കെടുത്തിയത്. യാത്രയുടെ ശോഭകെടുത്താനും തടസ്സപ്പെടുത്താനും അവര്‍ പയറ്റാത്ത മാര്‍ഗ്ഗങ്ങളില്ല. രാഹുലിനേയും കോണ്‍ഗ്രസിനേയും അവര്‍ വളഞ്ഞാക്രമിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴും ഒരു പുഞ്ചിരിയോടെ രാഹുല്‍ അതിനെയെല്ലാം നേരിട്ടു എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചുവെച്ചു. രാഹുല്‍ ഗാന്ധി ഇന്നൊരു പോരാളിയാണ്. വര്‍ഗ്ഗീയതയ്‌ക്കെതിരേയും സത്യത്തിനുവേണ്ടിയും പോരാടുന്ന പോരാളി.
പുത്തന്‍ കാലഘട്ടം ആവശ്യപ്പെടുന്ന ജനകീയ മുന്നേറ്റമാണ് ഇന്ന് രാഹുല്‍ ഗാന്ധി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനും വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കുറിയ്ക്കാനാകും. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചവര്‍പോലും പലയിടങ്ങളിലും സ്വാഗതമരുളി ഒപ്പം നടന്നു. ഈ യാത്ര ലക്ഷ്യം വച്ചതും അതുതന്നെ.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രകളില്‍ ഒന്നാണിത്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍, രാജ്യത്തിനുവേണ്ടി നില കൊള്ളാന്‍ രാഹുല്‍ നടത്തിയ ഈ യാത്ര ഓരോ ഭാരതീയനും വേണ്ടിയുള്ളതാണ്. യാത്രയെ പിന്തുണച്ച, യാത്രയുടെ ഭാഗമായ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും അഭിനന്ദനങ്ങള്‍.
ജെയിംസ് കൂടല്‍
ചെയര്‍മാന്‍,
ഓവര്‍സീസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
യുഎസ്എ.