ബിജെപി സിപിഎം ഒത്തുകളി പുറത്തായിട്ടും സിപിഐ എന്തിനാണ് സിപിഎമ്മിനെ ചുമക്കുന്നതെന്ന് കെ.സുധാകരന്‍ എംപി

Spread the love

മുന്‍ മന്ത്രിയും എംഎല്‍എയും സൗമ്യശീലനും ജനകീയനും സിപിഐ അസി.സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി,ആര്‍.എസ്.എസ് പ്രതികള്‍ക്ക് വേണ്ടി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായത് മുതല്‍ സിപിഐയെ മുന്നണിയിലും പൊതുജനമധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂര്‍വ്വമായ നിരവധി ശ്രമങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ട്. സിപിഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകള്‍ക്കെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്.കോട്ടയത്ത് പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങിയ സിപിഎമ്മാണ് സിപിഐ തള്ളിപ്പറഞ്ഞത്. തുടര്‍ച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിന് മനസിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സിപിഐ നേതാവ് ഇ.ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞതിന് പിന്നില്‍ സിപിഎം ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ട്.കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെയാണ് 2016ല്‍ അദ്ദേഹത്തെ ആര്‍എസ്എസ്,ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗവും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും പോലീസിന് ഒപ്പിട്ട് നല്‍കിയ മൊഴികളില്‍ ബിജെപി പ്രവര്‍ത്തകരുടെ പേരുള്‍പ്പടെ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സിപിഎം മൊഴി അട്ടിമറിച്ചത്.അതിന് കാരണം വധശ്രമക്കേസില്‍ നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 11 പേരെ രക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സമീപകാലത്ത് വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതില്‍ നിന്ന് തന്നെ സിപിഎമ്മിനും ബിജെപിക്കുമുള്ള ഗാഢമായ ബന്ധം വ്യക്തമാണെന്നും സുധാകരന്‍ പരിഹസിച്ചു.

സിപിഎമ്മും ആര്‍എസ്എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റം.സംഘപരിവാരങ്ങള്‍ക്ക് വിടുപണിചെയ്യുന്ന സിപിഎം ന്യൂനപക്ഷരക്ഷ കവചം സ്വയം ചാര്‍ത്തി അവരെ തുടര്‍ച്ചയായി വഞ്ചിക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ സംരക്ഷകര്‍ സിപിഎമ്മാണ്. അതിനാലാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി മുന്നണി മര്യാദപോലും പാലിക്കാതെ സിപിഎം നേതാക്കള്‍ കോടതിയില്‍ കൂറുമാറിയതെന്നും സുധാകരന്‍ പറഞ്ഞു.

Author