കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവെപ്പുമായി അസാപ് കേരളയും ആദിശങ്കര ട്രസ്റ്റും. ട്രസ്റ്റിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബി.കോം, എം.കോം, എം.ബി.എ ഫിനാൻസ് വിദ്യാർത്ഥികൾക്ക് ബിരുദത്തോടൊപ്പം അമേരിക്കൻ ടാക്സ് രംഗത്ത് ഏറെ ജോലി സാധ്യതയുള്ള എൻറോൾഡ് ഏജന്റ് കോഴ്സ് കൂടി ഉൾപ്പെടുത്താനാണ് ധാരണയായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ അസാപ് കേരള സി.എം.ഡി ഡോ.ഉഷ ടൈറ്റസും ആദിശങ്കര ട്രസ്റ്റ് സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്ജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
അമേരിക്കൻ നികുതി ദായകരെ പ്രതിനിധീകരിച്ച് ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാൻ അധികാരമുള്ള ഉദ്യോഗമാണ് എൻറോൾഡ് ഏജന്റ്. പഠനത്തിന് മുൻപ് തന്നെ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകി പരിശീലിപ്പിക്കുന്ന ഹയർ ആൻഡ് ട്രെയിൻ മോഡലിലാണ് പരിശീലനം നൽകുക. യു.എസ്. ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണിത്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യു.എസ് ഫെഡറൽ ഏജൻസിയായ ഇന്റെണൽ റവന്യൂ സർവീസ് (ഐആർഎസ്) മുമ്പാകെ നികുതിദായകരെ പ്രതിനിധീകരിക്കാൻ യോഗ്യതയുള്ള ഒരു പ്രൊഫഷണലാണ് എൻറോൾഡ് ഏജൻ്റ് (ഇ.എ).
ആറു മാസത്തോളം ദൈർഘ്യമുള്ള പരിശീലന പദ്ധതിയിലൂടെ വിദ്യാർത്ഥികളെ അമേരിക്കൻ ഇന്റെണൽ റവന്യൂ സർവീസ് നടത്തുന്ന സ്‌പെഷ്യൽ എൻറോൾമെന്റ് പരീക്ഷ എഴുതാൻ പ്രാപ്തരാക്കും. കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കേറ്റ് നേടുന്ന വിദ്യാർത്ഥികൾ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും.
Report : Ajith V Raveendran