ചിക്കാഗോ : വേൾഡ് മലയാളി കൗൺസിൽ(ഡബ്ല്യൂ.എം.സി) യൂണിഫൈഡ് ചിക്കാഗോ പ്രൊവിൻസിന്റെ 2023 വർഷത്തെ പ്രവർത്തന ഉൽഘാടനവും റിപ്പബ്ലിക് ദിനാചരണവും ഇല്ലിനോയ് ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ് നവ അംഗം ശ്രീ. കെവിൻ ഓലിക്കലിന് സ്വീകരണവും സംയുക്തമായി ശനിയാഴ്ച മൗണ്ട് പ്രോസ്പെക്റ്റിൽ നടത്തി. ഡബ്ല്യൂ.എം.സി യുടെ നവവത്സര ആഘോഷ ചടങ്ങുകളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ശ്രീ. കെവിൻ ഓലിക്കൽ ഉൽഘാടനം ചെയ്തു.
അലോണ ജോർജിന്റെ പ്രാർഥനാ ഗാനാലാപലനത്തെ തുടർന്ന് വൈസ് പ്രെസിഡന്റ് ഫിലിപ്പ് പുത്തൻപുര സദസ്സിന് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബഞ്ചമിൻ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2022 ജൂലൈ മാസത്തിൽ നടത്തിയ ‘കലാസന്ധ്യ’ യിൽനിന്നും ലഭിച്ച സ്പോൺസർഷിപ്പിൽ കേരളത്തിലെ നിർധനരായ ഭവനരഹിതർക്കുവേണ്ടി ഡബ്ല്യൂ എം സി ചിക്കാഗോ പ്രൊവിൻസ് നിർമ്മിച്ചുനൽകിവരുന്ന പുതിയ ഭവനങ്ങളുടെ നിർമ്മാണ പുരോഗതി പ്രെസിഡെൻറ് സംക്ഷിപ്തമായി വിശദീകരിച്ചു.
മലയാളി സമൂഹത്തിന് അഭിമാനമായി ഇല്ലിനോയ് ഹവ്സ് ഓഫ് റെപ്രെസെന്റേറ്റീവ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ കെവിൻ ഓലിക്കലിനെ പ്രൊവിൻസ് സെക്രട്ടറി തോമസ് ഡിക്രൂസ് സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് ശ്രീ കെവിൻ ഓലിക്കലിനെ ഡബ്യൂ.എം. സി യുടെ ആശംസാഫലകം നൽകി എക്സിക്യൂട്ടീവ് ആദരിച്ചു. അനന്തരം അദ്ദേഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അമേരിക്ക റീജിയൻ വൈസ് പ്രെസിഡന്റ് മാത്യൂസ് ഏബ്രഹാം, പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, അഡ്വൈസറി ബോർഡ് അംഗം സാബി കോലത്തു, ഡോ ജോർജ്ജ് പാലമറ്റം, ചാരിറ്റി ഫോറം ചെയർമാൻ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. ശ്രീ കെവിൻ ഓലിക്കൽ നടത്തിയ മറുപടി പ്രസംഗത്തിൽ ഡബ്ല്യൂ.എം. സി ചിക്കാഗോ പ്രൊവിൻസ് ഇതിനോടകം ഏറ്റെടുത്തു നടപ്പാക്കിയ ഭവനനിർമ്മാണ പദ്ധതികൾ ഉൾപ്പടെയുള്ള വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവും ഏവർക്കും അനുകരണീയവുമാണെന്ന് പ്രസ്താവിച്ചു.
ഡബ്ളിയു. എം. സി തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട്, മലയാളി സമൂഹത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു ജനസേവനം നടത്താൻ തനിക്കു ലഭിച്ച ഈ സ്ഥാനലബ്ധിയിൽ അങ്ങേയറ്റം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രൊവിൻസിന്റെ എല്ലാ പ്രവർത്തങ്ങൾക്കും ശ്രീ കെവിൻ ഓലിക്കൽ പിന്തുണ അറിയിച്ചു. ചിക്കാഗോ പ്രൊവിൻസിൽനിന്നും ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ വൈസ് പ്രെസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട മാത്യൂസ് എബ്രഹാമിനെ സമ്മേളനം ആദരിച്ചു. സമ്മേളനാനന്തരം വിവിധ കലാപരിപാടികൾ നടന്നു. ശ്രീമതി ബീന ജോർജ്ജ് ചടങ്ങിൽ എം സി ആയിരുന്നു.