സ്‌നേഹ ഭവനങ്ങള്‍ സൃഷ്ടിക്കാനുള്ള സാമൂഹ്യ നവോത്ഥാന ക്യാമ്പയിന്‍ ജനശ്രീ ആരംഭിക്കും: എം.എം.ഹസ്സന്‍

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അകറ്റി കുടുംബങ്ങളില്‍ ഐക്യവും സമാധാനവും ഉറപ്പുവരുത്തുന്ന സ്‌നേഹ ഭവനങ്ങള്‍ സൃഷ്ടിക്കാനുള്ള സാമൂഹ്യ നവോത്ഥാന ക്യാമ്പയിന്‍ ജനശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനറും ജനശ്രീ ചെയര്‍മാനുമായ എംഎം ഹസ്സന്‍. ജനശ്രീ സുസ്ഥിരവികസന മിഷന്റെ 16ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണത്തോടൊപ്പം കുടുംബ ശാക്തീകരണവുമാണ് ജനശ്രീമിഷന്റെ പരമപ്രധാനമായ ലക്ഷ്യം. സ്ത്രീ സമൂഹത്തെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതോടെപ്പം കുടുംബ ഭദ്രത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കൂടി ജനശ്രീ മിഷന്‍ ഏറ്റെടുക്കും. വിദ്വേഷവും വെറുപ്പും സാമൂഹ്യ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലഘട്ടമാണിത്.കുടുംബങ്ങളില്‍പ്പോലും സ്‌നേഹബന്ധങ്ങള്‍ തകരുകയാണ്. മദ്യത്തിന്റെയും മറ്റുലഹരിയുടെയും അമിത ഉപയോഗം വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങളെ ബാധിക്കുന്നു. സ്ത്രീധന പീഡനങ്ങള്‍ക്ക് ഇന്നും കുറവില്ല. ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനശ്രീ മിഷന്‍ നടത്തുമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറി ബി.എസ്.ബാലചന്ദ്രന്‍, എന്‍.സുബ്രമണ്യന്‍,എംആര്‍ തമ്പാന്‍,വിതുര ശശി,വട്ടപ്പാറ അനില്‍ ,നാദിറാ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ജെ.എസ്.അടൂര്‍, ഡോ.ഡാര്‍ളി ഉമ്മന്‍ കോശി,ജയ ശ്രീകുമാര്‍,എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്ത് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Leave Comment