ജനരോഷത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ണാങ്കട്ടപോലെ അലിഞ്ഞില്ലാതാകും: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Spread the love

സമസ്തമേഖലയിലും നികുതി വര്‍ധിപ്പിച്ച പിടിച്ചുപറി ബജറ്റാണ് പിണറായി സര്‍ക്കാരിന്റേതെന്നും അതിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന ജനരോഷ പേമാരിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ണാങ്കട്ടപോലെ അലിഞ്ഞില്ലാതാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും വിലകൂടി. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. മോദിയും പിണറായിയും ഒരുപോലെ നികുതി കൊള്ളക്കാരാണെന്ന് തെളിഞ്ഞു. ജനങ്ങളെ ഇത്‌പോലെ ദ്രോഹിക്കുന്ന ബജറ്റ് കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ചരിത്രത്തിലുണ്ടായിട്ടില്ല. അതിരൂക്ഷമായ വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന കേരള ജനതയെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കാന്‍ 2000 കോടി വകയിരുത്തിയെന്ന് പറയുമ്പോഴാണ് 4000 കോടിയുടെ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത്.ഇതാണ് സിപിഎമ്മിന്റെയും ധനമന്ത്രി ബാലഗോപാലിന്റെയും പുതിയ വൈരുദ്ധ്യാത്മക സാമ്പത്തികശാസ്ത്രമെന്നും ഹസ്സന്‍ പരിഹസിച്ചു.

വര്‍ധിപ്പിച്ച ഇന്ധനവില പിന്‍വലിച്ചില്ലെങ്കില്‍ തീപാറുന്ന സമരം കോണ്‍ഗ്രസും സമരപരമ്പരകള്‍ക്ക് യുഡിഎഫും നേതൃത്വം നല്‍കും. ഉയര്‍ത്തിയ നികുതി സര്‍ക്കാരിനെ കൊണ്ട് തന്നെ യുഡിഎഫ് പിന്‍വലിപ്പിക്കും.ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഹസ്സന്‍ പറഞ്ഞു.

Author