പഠനത്തോടൊപ്പം തൊഴിലും: കർമ്മചാരി പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു

Spread the love

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം പദ്ധതിക്ക് അന്തിമ രൂപം നൽകും.

വിദ്യാർഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, കോളേജ് തലത്തിൽ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021 – 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് പഠനത്തോടൊപ്പം ജോലി എന്നത് സാധ്യമാക്കുന്നതിനായി ‘കർമ്മചാരി’ പദ്ധതി പ്രഖ്യാപിച്ചിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലായിരിക്കും ഇത് നടപ്പിലാക്കുക.

ഇതുസംബന്ധിച്ച് തൊഴിൽ മേഖലയിലെ തൊഴിലുടമകളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഓൺലൈൻ പോർട്ടൽ സജ്ജീകരിക്കുന്നതും വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ ജോലി നൽകുമ്പോൾ, വിവിധ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ലഭിക്കേണ്ട വേതനം ഉൾപ്പെടെയുള്ള സേവനവ്യവസ്ഥകൾ സംബന്ധിച്ചും ചർച്ച ചെയ്തു.

കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളജുകൾ, ഹയർസെക്കൻഡറി സ്‌കൂളുകൾ എന്നിവയുടെ പട്ടിക തയ്യാറാക്കുന്നതിനും കോളേജ് പ്രിൻസിപ്പൽ, ഹയർസെക്കന്ററി പ്രിൻസിപ്പൽ എന്നിവർക്ക് പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും തീരുമാനമായി.

Author