ജില്ലയിലെ സ്‌കൂളുകള്‍ക്ക് കൈറ്റിന്റെ 1782 പുതിയ ലാപ്‌ടോപുകള്‍

Spread the love

എറണാകുളം ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് പുതുതായി 1782 ലാപ്‌ടോപുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും. ഇതില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയില്‍ നല്‍കിയ 8811 ലാപ്‌ടോപുകള്‍ക്ക് പുറമെയാണ് ഹൈടെക് ലാബുകളിലേക്ക് അഞ്ചുവര്‍ഷ വാറന്റിയോടെയുള്ള 1400 ലാപ്‌ടോപുകള്‍ പുതുതായി ലഭ്യമാക്കുന്നത്. ഇതിനു പുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തിയും 382 ലാപ്‌ടോപുകളും സ്‌കൂളുകള്‍ക്ക് കൈറ്റ് ലഭ്യമാക്കും.

അഞ്ചു വര്‍ഷ വാറന്റി തീരുന്ന ലാപ്‌ടോപുകള്‍ക്കും പ്രൊജക്ടറുകള്‍ക്കും രണ്ട് വര്‍ഷത്തെ എ.എം.സി (അന്യുവല്‍ മെയ്ന്റനസ് കോണ്‍ട്രാക്ട്) പരിരക്ഷയും കൈറ്റ് ഉറപ്പാക്കുന്നുണ്ടെന്ന് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ കാലയളവിനുള്ളിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്‌കൂളുകള്‍ വെബ് പോര്‍ട്ടലില്‍ നല്‍കണം. മുഴുവന്‍ ഉപകരണങ്ങള്‍ക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകള്‍, മോഷണം തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകളിലെ ഐടി ഉപകരണങ്ങള്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ പ്രയോജനപ്പെടുത്തണം. പരസ്പരം ചര്‍ച്ച ചെയ്ത് പൊതുവായി സ്‌കൂളുകളിലേക്ക് സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ അല്ലാത്തതും ലൈസന്‍സ് നിബന്ധനകളുള്ളതും സ്‌കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുളള സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ സ്വകാര്യ സെര്‍വറുകളില്‍ സൂക്ഷിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടത്താന്‍ പാടില്ല എന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്

Author