നികുതി കൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് സമരം തുടരും – പ്രതിപക്ഷ നേതാവ്

Spread the love

നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

സര്‍ക്കാരിന് അധികാരത്തിന്റെ ധിക്കാരം; പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നികുതി അടയ്‌ക്കേണ്ടെന്ന് പറഞ്ഞ പിണറായിക്ക് പ്രതിപക്ഷ സമരത്തോട് പുച്ഛം; നികുതി കൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് സമരം തുടരും

തിരുവനന്തപുരം : നിയമസഭ സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തിലാണ് സഭയ്ക്കുള്ളില്‍ നാല് എം.എല്‍.എമാര്‍ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചത്. നിയമസഭയ്ക്ക് പുറത്ത് തുടങ്ങിയ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകും. ഈ മാസം 13, 14 തീയതികളില്‍ യു.ഡി.എഫിന്റെ രാപ്പകല്‍ സമരം നടക്കും. ഇതിനൊപ്പം വിവിധ ഘടകകക്ഷികളും വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകളും വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഇതിന് മുന്‍പും നിയമസഭയില്‍ സത്യഗ്രഹ സമരങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ഒരു മന്ത്രിയും സമരം ചെയ്യുന്നവരെ അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും സത്യഗ്രഹികളെ അപമാനിക്കുകയും പ്രതിപക്ഷ സമരത്തെ പുച്ഛിക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നികുതി അടയ്‌ക്കേണ്ടെന്ന് ആഹ്വാനം ചെയ്ത പിണറായി വിജയന് ഇപ്പോള്‍ നികുതിക്കൊള്ളയ്ക്ക് എതിരായ സമരത്തോട് പുച്ഛമാണ്. ഇത് അധികാരത്തിന്റെ ധിക്കാരമാണ്. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ട് നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് ലോകത്ത് ഒരു സര്‍ക്കാരും ഇന്നുവരെ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി പിടിവാശി ഉപേക്ഷിച്ച് നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വര്‍ധിപ്പിച്ച നികുതി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും.

സമരം ചെയ്യുകയും സര്‍ക്കാരിന്റെ മുഖംമൂടി വലിച്ച് കീറി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നുമുള്ള ദൗത്യമാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളെ മറന്ന സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കാണ്. അന്യായവും അശാസ്ത്രീയവുമായി നികുതികള്‍ പിന്‍വിലിക്കണമെന്നാണ് പ്രതിപക്ഷം

ആവശ്യപ്പെടുന്നത്. ഇന്ധനത്തിന് ഇപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനം നികുതിയും കിഫ്ബിക്ക് വേണ്ടിയുള്ള സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ധന സെസ് പൂര്‍ണമായും പിന്‍വലിക്കണം. ഇന്ധന സെസ് സ്വാഭാവിക വിലക്കയറ്റത്തിനും കൃത്രിമ വിലക്കയറ്റത്തിനും ഇടയാക്കും. സ്വര്‍ണക്കച്ചവടക്കാരന്റെയും ബാറുകാരന്റെയും കയ്യില്‍ നിന്നും കിട്ടാത്ത നികുതി സാധാരക്കാരന്റെ പോക്കറ്റില്‍ നിന്നും പിടിച്ചുപറിക്കാനുള്ള നീക്കത്തെയാണ് എതിര്‍ക്കുന്നത്.

നികുതി പിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സ്വര്‍ണത്തില്‍ നിന്നുള്ള നികുതി ഇനത്തില്‍ പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. ബാര്‍ ഉടമകളില്‍ നിന്നുള്ള ടേണ്‍ ഓവര്‍ ടാക്‌സും പിരിക്കുന്നില്ല. കള്ളക്കടത്തിലൂടെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഐ.ജി.എസ്.ടി പൂളില്‍ നിന്നും 5 വര്‍ഷം കൊണ്ട് കിട്ടേണ്ട 25000 കോടി രൂപ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് നഷ്ടമായി. നികുതി വകുപ്പിന് ചെക്ക് പോസ്റ്റുകളോ ക്യാമറകളോ പരിശോധനകളോ ഇല്ലാത്ത അവസ്ഥയാണ്. ആര്‍ക്കും നികുതി വെട്ടിക്കാനുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ഉണ്ടായ 4000 കോടിയുടെ ബാധ്യതയാണ് ഇപ്പോള്‍ ജനങ്ങളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. നികുതി കുടിശിക പരിച്ചെടുത്തില്ലെങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ ജനങ്ങളോട് പറയും.

 

Author