പത്താനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

Spread the love

തിരുവനന്തപുരം : ആറു മാസമായി ഓണറേറിയം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായി സാമ്പത്തിക പ്രതിസന്ധിയില്‍ സാക്ഷരതാമിഷന്‍ പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരക് മാങ്കോട് കരിശ്ശനംകോട് ബിന്ദുമന്ദിരത്തില്‍ ബിജുമോന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സാക്ഷരതാ പ്രേരക്മാരുടെ മുടങ്ങിയ ഓണറേറിയം അടിയന്തിരമായി വിതരണം ചെയ്യാനും ബിജുമോന്റെ കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഇന്നലെ ബിജുമോന്റെ പത്തനാപുരത്തെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കത്ത് പൂര്‍ണരൂപത്തില്‍

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സാക്ഷരതാമിഷന്‍ പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരക് മാങ്കോട് കരിശ്ശനംകോട് ബിന്ദുമന്ദിരത്തില്‍ ബിജുമോന്‍ ആത്മഹത്യചെയ്തത് വേദനാജനകമാണ്. ആറ് മാസമായി ഓണറേറിയം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് ബിജുമോന്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ പത്തനാപുരത്തെ വീട്ടിലെത്തി ബിജുമോന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ദിവസത്തേക്കുള്ള പച്ചക്കറി വാങ്ങാന്‍ പോലും കഴിയാത്തത്രയും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു മകനെന്നാണ് അമ്മ പറഞ്ഞത്. ഓണററിയം കിട്ടിയാലുടന്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാത്തിരുന്ന മകനാണ് ജീവനൊടുക്കിയത്.

മുടങ്ങിയ ഓണറേറിയം ആവശ്യപ്പെട്ട് സക്ഷരതാ പ്രേരക്മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 83 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം ചെയ്തിട്ടും ഫലമുണ്ടായില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് ബിജുമോന്‍ സങ്കടപ്പെട്ടിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ എട്ടു പേര്‍ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചിട്ടുണ്ട്.

സാധാരണക്കാരെ അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയെന്ന ദൗത്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ചവരാണ് പ്രേരക്മാരെന്ന് ഓര്‍ക്കണം. കൂടുതല്‍ ആത്മഹത്യകളുണ്ടാക്കാതെ പ്രേരക്മാരുടെ മുടങ്ങിയ ഓണറേറിയം അടിയന്തിരമായി വിതരണം ചെയ്യാനും ബിജുമോന്റെ കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Author