ആലപ്പുഴ: കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം സമയബന്ധിതമായി നല്‍കാതെ കേരള ബാങ്കില്‍ നിന്ന് വായ്പയായി എടുക്കണമെന്ന നിര്‍ദ്ദേശം വിചിത്രമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ സപ്ലൈകോയിലൂടെ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങള്‍ ആഹാരമാക്കിയിട്ടും നെല്ല് ഉല്പാദിപ്പിച്ച കര്‍ഷകന് വില ലഭിക്കാത്തത് നീതികേടാണ്. അവസാനമിപ്പോള്‍ ലഭിക്കേണ്ട തുക കേരള ബാങ്കില്‍ നിന്ന് നെല്‍കര്‍ഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് ന്യായീകരിക്കാവുന്നതല്ല. സപ്ലൈകോ ബാങ്കില്‍ പണമടയ്ക്കാന്‍ വൈകിയാല്‍ വായ്പയുടെ ഭാരം മുഴുവന്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകും. മുന്‍കാലങ്ങളില്‍ വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി നടത്തിയ വായ്പ വിതരണവും സപ്ലൈകോ പണം നല്‍കാതെ അട്ടിമറിക്കപ്പെട്ടു. കടംവാങ്ങി പണം സ്വരൂപിച്ച് കൃഷിയിറക്കുന്ന കര്‍ഷകന് വിറ്റ നെല്ലിന്റെ പോലും തുക കൃത്യമായി ലഭ്യമാക്കാതെ സര്‍ക്കാര്‍ സ്വകാര്യ മില്ലുടമകള്‍ക്കുവേണ്ടി ഒത്തുകളിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് ഇറക്കുമതി ചെയ്ത് സ്വകാര്യ മില്ലുടമകള്‍ കര്‍ഷകന്റെ നെല്ല് സംഭരണ അക്കൗണ്ടിലൂടെ നടത്തുന്ന തട്ടിപ്പിന് കുടപിടിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തെളിഞ്ഞിരുന്നു. വിരിപ്പുകൃഷിക്ക് രജിസ്റ്റര്‍ ചെയ്ത 278040 കര്‍ഷകര്‍ക്ക് 271 കോടി ലഭിക്കാനുണ്ട്. ഈ രീതി തുടര്‍ന്നാല്‍ നിലവിലുള്ള നെല്‍കൃഷി പോലും ഇല്ലാതെയാകും.
കൃഷി വകുപ്പിന്റെ കീഴില്‍ കൃഷിക്കായി വന്‍ ഉദ്യോഗസ്ഥ സംവിധാനമുണ്ടെങ്കിലും 8.76 ലക്ഷം ഹെക്ടറില്‍ നിന്ന് കേരളത്തിലെ കൃഷിയിടം 1.9 ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുമ്പോള്‍ ഉത്തരം പറയേണ്ട കൃഷിവകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു. നെല്‍കര്‍ഷകരോടുള്ള നീതികേടിനും ക്രൂരതയ്ക്കും അവസാനമുണ്ടാക്കാതെ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നാടുനീളം കര്‍ഷകസ്‌നേഹം പ്രസംഗിക്കുന്നത് അര്‍ത്ഥശൂന്യമാണ്. പാലക്കാട്ടും കുട്ടനാട്ടിലും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷകസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നെല്‍കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്നും വി.സി.സെബാസ്റ്റിയന്‍ സൂചിപ്പിച്ചു.
അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍