വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം മാര്‍ച്ച് 30 മുതല്‍ : കെ സുധാകരന്‍ എംപി

Spread the love

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം ഐതിഹാസിക സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെ 2023 മാര്‍ച്ച് 30 മുതല്‍ ആഘോഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ മാര്‍ച്ച് 30ന് വൈക്കത്ത് ഉദ്ഘാടനം നിര്‍വഹിക്കും. കോണ്‍ഗ്രസ് അധ്യക്ഷനായശേഷം കേരളത്തില്‍ ഖാര്‍ഗെയുടെ ആദ്യത്തെ പരിപാടിയാണിത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി സമ്മേളനങ്ങള്‍, സെമിനാറുകള്‍,പ്രദര്‍ശനങ്ങള്‍, വൈക്കം സത്യാഗ്രഹ ചരിത്ര കോണ്‍ഗ്രസ്, വൈക്കം സത്യഗ്രഹ വീരന്മാരുടെ അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയവ അരങ്ങേറും. ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും.

വൈക്കം സത്യാഗ്രഹം

ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമാണ് വൈക്കം സത്യാഗ്രഹം. ജനാധിപത്യ കേരളത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വൈക്കം സത്യാഗ്രഹ സമര പരമ്പരയുടെ തുടക്കം 1924 മാര്‍ച്ച് 30നാണ്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ടികെ മാധവനാണ് കക്കിനട കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയത്. തുടര്‍ന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കാര്യപരിപാടി തയാറാക്കുകയും പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

1924 ജനുവരിയില്‍ എറണാകുളത്ത് അയിത്തോച്ചാടന പ്രചരണ കമ്മിറ്റി രൂപീകരിച്ചു. മഹാത്മാഗാന്ധിയുടെ അനുമതിയോടെ 1924 മാര്‍ച്ച് 30ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചു. അയിത്തത്തിനെതിരേ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സമരമായിരുന്നു അത്. നാനാജാതി മതസ്ഥരും തദ്ദേശിയരും വിദേശിയരുമായ ജനസഹ്രസങ്ങള്‍ സമരത്തില്‍ അണിനിരന്നു.

ടികെ മാധവന്‍, കെപി കേശവമേനോന്‍, കെ കേളപ്പന്‍ തുടങ്ങിയവര്‍ക്കായിരുന്നു സമര നേതൃത്വം.ശ്രീനാരായണ ഗുരുദേവന്റെ ആശിര്‍വാദം സത്യാഗ്രഹത്തിനുണ്ടായിരുന്നു. ഇരുപത് മാസത്തോളം നീണ്ടു സമരം 1925 നവംബറിലാണ് അവസാനിച്ചത്.

കേരളത്തിലേക്കുള്ള ഗാന്ധിജിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം 1925ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നു. ഇവി രാമസ്വാമി നായ്ക്കര്‍, ചക്രവര്‍ത്തി രാജഗോപാലാചാരി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തി. മിശ്രഭോജനവും മിശ്രവാസവും സമരത്തിന്റെ സ്വാഭാവികമായ ജീവിതക്രമമായി. പിന്നോക്ക വിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ സമുദായങ്ങളുടെ ജാഥ സമരത്തിലെ അവിസ്മരണീയ സംഭവമാണ്. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ഈ രാഷ്ട്രീയ-സാമൂഹിക സമരം ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു.

അവര്‍ണ സമുദായങ്ങള്‍ക്ക് വൈക്കം ക്ഷേത്രത്തോട് ചേര്‍ന്നുള്ള പൊതു നിരത്തുകളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരം, എല്ലാ പൊതുനിരത്തുകളും നാനാജാതികള്‍ക്കായി തുറന്നു കൊടുത്ത ഉത്തരവോടുകൂടിയാണ് വിജയകരമായി പര്യവസാനിച്ചത്.

കേരളീയരുടെ സാമൂഹിക-രാഷ്ട്രീയ ബോധത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ലോകവീക്ഷണത്തെ കരുപ്പിടിപ്പിക്കുകയും നവോത്ഥാന കേരളത്തിന് അടിത്തറ പാകുകയും ചെയ്ത ഈ ഐതിഹാസിക സമരത്തിന്റെ നേതൃത്വം പൂര്‍ണമായി കോണ്‍ഗ്രസിന്റെ കൈകളിലായിരിന്നു. ഇപ്പോള്‍ ചിലര്‍ ഇതിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്തുവന്നിട്ടുണ്ടെങ്കിലും അതു ചരിത്രത്തോട് നീതിപുലര്‍ത്തുന്ന സമീപനമല്ലെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍ ചെയര്‍മാനും, രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു ജനറല്‍ കണ്‍വീനറുമായ സമിതിയാണ് കെപിസിസിയുടെ ആഘോഷ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലിം വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

 

Author