യു.ഡി.എഫിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കാലിക്കറ്റ് സര്‍വകലാശാലയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

യു.ഡി.എഫിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധം; ഇടനിലക്കാരുടെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് പിണറായിയും കോടിയേരിയും; 42 വര്‍ഷം ജമാ അത്ത് ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്നത് സി.പി.എം; കരിങ്കൊടി കാട്ടുന്നവര്‍ ആത്മഹത്യാ സ്‌ക്വാഡല്ല, കോണ്‍ഗ്രസിന്റെ പുലിക്കുട്ടികള്‍.

തേഞ്ഞിപ്പാലം : ജമാ അത്ത് ഇസ്ലാമി- ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധമാണ്. പ്രതിരോധത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാന്‍ നടത്തിയ ശ്രമം മാത്രമാണത്. ഡല്‍ഹിയില്‍ ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെടെയുള്ള ചില മുസ്ലീം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതുമായി കേരളത്തിലെ യു.ഡി.എഫ് എന്ത് പിഴച്ചു? ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് പിണറായി ഉന്നയിച്ചിരിക്കുന്നത്.

ശ്രീ എം എന്ന ആത്മീയ ആചാര്യന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍ കുട്ടിയുമായും വത്സന്‍ തില്ലങ്കേരിയുമായും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിട്ടില്ലേ? ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണന്‍ എഴുതിയ ‘The RSS And The Making of The Deep Nation’ എന്ന പുസ്തകത്തില്‍, ഇവരെയെല്ലാം ഇന്റര്‍വ്യൂ നടത്തി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ അക്രമം അവസാനിപ്പിക്കാന്‍ പിണറായിയും കോടിയേരിയും ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും രഹസ്യമാക്കിവച്ചു. അന്നു മുതല്‍ സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം അവസാനിച്ചു. അതിനു പകരമായി കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ സി.പി.എം കൊലപ്പെടുത്താന്‍ തുടങ്ങി. ആര്‍.എസ്.എസുമായി സന്ധി ചെയ്ത ശേഷമാണ് പെരിയയിലെ രണ്ട് ചെറുപ്പക്കാരെയും ഷുഹൈബിനെയും കൊലപ്പെടുത്തിയത്.

ജമാഅത്ത് ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയ 1977 മുതല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയുള്ള 42 വര്‍ഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും അവര്‍ വര്‍ഗീയ കക്ഷി ആയിരുന്നില്ലേ? ഇപ്പോള്‍ പുതുതായി പിണറായി കണ്ടെത്തിയിരിക്കുന്ന വര്‍ഗീയത എന്താണ്? ആര്‍.എസ്.എസിന് എതിരായ നിലപാടിന്റെ ഭാഗമായാണ് 2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ജമാ അത്ത് ഇസ്ലാമി കോണ്‍ഗ്രസിനെ സഹായിക്കാന്‍ തീരുമാനിച്ചത്. അതുവരെ സി.പി.എമ്മും ജമാഅത്ത് ഇസ്ലാമിയും തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. എ.കെ.ജി സെന്ററില്‍ നിന്നും ഇറങ്ങിയപ്പോഴാണ് അവര്‍ വര്‍ഗീയവാദികളായത്. ജമാ അത്ത് ഇസ്ലാമി ആസ്ഥാനത്ത് പോയി മാറി മാറി വന്ന ആമീറുമാരെയെല്ലാം പിണറായി വിജയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അവരെ തള്ളിപ്പറയാന്‍ എന്തൊരു തൊലിക്കട്ടിയാണ് പിണറായിക്ക്. ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രിയും കോടിയേരിയും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് നിഷേധിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

1977-ലും 89 ലും ആര്‍.എസ്.എസുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആളാണ് പിണറായി വിജയന്‍. അങ്ങനെയുള്ള പിണറായി യു.ഡി.എഫിനെ പഠിപ്പിക്കേണ്ട. പരസ്പര ബന്ധമില്ലാതെ പുലമ്പുന്നതു പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ആര്‍എസ്.എസിന്റെ വെറുപ്പിനും വിദ്വേഷത്തിനും എതിരെയാണ് രാഹുല്‍ ഗാന്ധി 4000 കിലോമീറ്റര്‍ നടന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ യു.ഡി.എഫിനെ പോലെ കേരളത്തില്‍ ആരും എതിര്‍ത്തിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മൂര്‍ദ്ധന്യത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികളുടെ വേട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യം കാട്ടിയത് യു.ഡി.എഫ് മാത്രമാണ്. വര്‍ഗീയവാദികളുമായി സന്ധി ചെയ്യില്ലെന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്.

റോഡരുകില്‍ നിന്ന് രണ്ടു കുട്ടികള്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ആയിരം പൊലീസുകാര്‍ക്ക് പിന്നില്‍ ഒളിച്ച മുഖ്യമന്ത്രി കേരളത്തിന് മുന്നില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. എല്ലാ സമരങ്ങളും തന്നെ അട്ടിമറിക്കാനാണെന്ന് ഏകാധിപതികള്‍ക്ക് തോന്നുന്നത് പോലുള്ള അരക്ഷിത ബോധമാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സമരം ചെയ്യുന്നവര്‍ നക്‌സലൈറ്റുകളും തീവ്രവാദികളും ആത്മഹത്യാ സ്‌ക്വാഡുകളുമാണെന്ന് പറയുന്നത്. കരിങ്കൊടി കാട്ടി സമരം ചെയ്യുന്നവര്‍ ആത്മഹത്യാ സ്വ്കാഡുകളല്ല, കോണ്‍ഗ്രസിന്റെ പുലിക്കുട്ടികളാണ്. നേതൃത്വത്തിന്റെ അനുവാദത്തോടെ സമാധാനപരമായാണ് അവര്‍ സമരം ചെയ്യുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞതു പോലെ പിണറായിയുടെ ദേഹത്തേക്ക് ഒരു കല്ല് പോലും ഞങ്ങളുടെ കുട്ടികള്‍ വലിച്ചെറിയില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസ് തല്ലിച്ചതയ്ക്കുകയാണ്. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തല അടിച്ച് പൊളിച്ചു. സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട.

സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയില്‍ നിന്നാണ് അവര്‍ പുറത്ത് വരേണ്ടത്. ഇന്നലെ ഡി.വൈ.എഫ്.ഐക്കാരന്‍ എസ്.എഫ്.ഐക്കാരിയായ പെണ്‍കുട്ടിയെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി നിലത്തിട്ട് മര്‍ദ്ദിച്ചു. എന്നിട്ടും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ അനുവദിക്കാതെ അത് ഒത്തുതീര്‍പ്പാക്കാന്‍ പോകുന്ന നേതാക്കള്‍ക്ക് നാണമുണ്ടോ? എം.വി ഗോവിന്ദന്‍ ഇപ്പോള്‍ നടത്തുന്നത് സ്വയം പ്രതിരോധ യാത്രയാണ്. പാര്‍ട്ടി എത്തപ്പെട്ടിരിക്കുന്ന ജീര്‍ണതയില്‍ നിന്നും പുറത്ത് വരാനുള്ള പ്രതിരോധമാണ് ഗോവിന്ദന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രതിപക്ഷത്തിന് സത്യഗ്രഹം മാത്രമെ നടത്താന്‍ അറിയൂവെന്ന പരിഹാസത്തിന്റെ മറുപടിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ഇന്നലെ 900 പൊലീസുകാരുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനായത്. മുഖ്യമന്ത്രിയെ ജനങ്ങള്‍ കണ്ടിട്ട് എത്ര നാളായി? ഇത് വേറെ ജനുസാണെന്ന ശബ്ദം മാത്രമെ കേള്‍ക്കുന്നുള്ളൂ. കാരണം മുഖ്യമന്ത്രി പൊലീസുകാര്‍ക്ക് നടുവില്‍ നിന്നാണ് സംസാരിക്കുന്നത്.

സംരംഭങ്ങളുടെ പട്ടിക പുറത്ത് വിടാന്‍ വ്യവസായ മന്ത്രിയെയും മുഖ്യമന്ത്രിയെയും നിയമസഭയില്‍ പ്രതിപക്ഷം വെല്ലുവിളിച്ചതാണ്. ഇന്റേണുകളെ നിയമിച്ച് ഒരു വര്‍ഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സുകളും ബാങ്കുകള്‍ വായ്പ നല്‍കിയവരുടെ പട്ടികയും ശേഖരിച്ചാണ് സര്‍ക്കാരിന്റെ ക്രെഡിറ്റില്‍പ്പെടുത്തിയത്. നാണംകെട്ട ആ ശ്രമമാണ് ഇപ്പോല്‍ പൊളിഞ്ഞ് പാളീസായത്. ലൈഫില്‍ ഏഴ് വര്‍ഷത്തിനിടെ ആകെ പണിതത് രണ്ടര ലക്ഷം വീടുകളാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 5 വര്‍ഷത്തിനിടെ 455000 വീടുകള്‍ പണിതു. മൂന്നു വര്‍ഷത്തിനിടെ യോഗ്യരായ മൂന്നു ലക്ഷത്തിലധികം അപേക്ഷകരുണ്ടായിട്ടും 12000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. ഇതാണ് കൊട്ടിഘോഷിക്കുന്ന ലൈഫ് പദ്ധതി. കണക്ക് നല്‍കാത്തതു കൊണ്ട് ഐ.ജി.എസ്.ടി പൂളില്‍ നിന്നും 25000 കോടിരൂപയാണ് നഷ്ടപ്പെടുത്തിയത്. എന്നിട്ടാണ് പാവങ്ങളുടെ തലയില്‍ നികുതിഭാരം കെട്ടിവച്ചത്. കഴിവുകേടിന്റെയും കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഈ സര്‍ക്കാര്‍.

 

Author