വനിതാ പോലീസ് സംഗമത്തിലെ നിർദേശങ്ങൾ നയരൂപീകരണത്തിന് സഹായിക്കും : മന്ത്രി വീണാ ജോർജ്

Spread the love

പോലീസിലെ വിവിധ റാങ്കുകളിൽ ഉളളവർക്ക് പറയാനുളള കാര്യങ്ങൾ കൂടി കേട്ട് തയ്യാറാക്കിയ സംസ്ഥാനതല വനിതാ പോലീസ് സംഗമത്തിന്റെ റിപ്പോർട്ട് സൂക്ഷ്മതല നയരൂപീകരണത്തിന് ഏറെ സഹായകമാകുമെന്ന് വനിതാ ശിശു വികസന മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കോവളം വെളളാർ ആർട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജിൽ ചേർന്ന സംസ്ഥാനതല വനിതാ പോലീസ് സംഗമത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതകളായ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് സമൂഹത്തിനുളള മുൻവിധി മറികടക്കാൻ അധികമായി പ്രയത്നിക്കേണ്ടിവരും. നിയമവും ചട്ടവും നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. സമൂഹത്തിലെ സ്ത്രീകളുടെ ശാക്തീകരണം കൂടിയാണ് വനിതാ പോലീസിന്റെ നിയോഗം. സ്ഥലസൗകര്യം ലഭ്യമാക്കുന്ന പക്ഷം സർക്കാർ ഓഫീസുകളോട് ചേർന്ന് ക്രഷ് സംവിധാനം ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കും.

രണ്ടു ദിവസമായി നടന്ന സംസ്ഥാനതല വനിതാ പോലീസ് സംഗമത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഐ.ജി ഹർഷിത അത്തല്ലൂരി സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു. പോലീസിലെ വനിതകളുടെ അംഗസംഖ്യ വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യമായി ഉന്നയിക്കപ്പെട്ടത്. കേസന്വേഷണം, കൺട്രോൾ റൂം പട്രോളിംഗ്, പോലീസിലെ സാങ്കേതിക മേഖല, ഫോൺ കോളുകളുടെ ഡാറ്റ വിലയിരുത്തൽ, പോലീസ് സ്ഥാപനങ്ങളിലെ ഡ്രൈവിംഗ് മുതലായ മേഖലകളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. പോലീസ് സ്റ്റേഷനുകളിലും ഓഫീസുകളിലും പ്രത്യേക വിശ്രമമുറിയും ടോയ്‌ലെറ്റ്‌ സംവിധാനവും വേണം. സിവിൽ പോലീസ് ഓഫീസർ തലത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പൊതുവായ റിക്രൂട്ട്മെൻറ് വേണം. മാതൃ അവധി, പിതൃ അവധി എന്നിവയുടെ കാലാവധി നീട്ടണമെന്നും ചെൽഡ് കെയർ ലീവ് അനുവദിക്കണമെന്നും പോലീസ് സ്റ്റേഷനുകളിൽ ക്രഷ് സംവിധാനം വേണമെന്നും നിർദ്ദേശമുയർന്നു.

മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് സംഗമം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. ആറു സംഘങ്ങളായി തിരിഞ്ഞ് വനിതാ പോലീസ് ഉദ്യോഗസ്ഥർ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. മുതിർന്ന ഐ.പി.എസ് ഓഫീസർമാർ നേതൃത്വം നൽകി. ഈ ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വെളളിയാഴ്ച രാവിലെ രണ്ടു വിദഗ്ദ്ധ പാനലിന് മുന്നിൽ അവതരിപ്പിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥരായ ബി.സന്ധ്യ, കെ.പത്മകുമാർ, ഡോ.ഷേക്ക് ദർവേഷ് സാഹിബ് എന്നിവരും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ജേക്കബ് പുന്നൂസ്, എ.ഹേമചന്ദ്രൻ എന്നിവരും മൃദുൽ ഈപ്പൻ, ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ.എം.ബീന എന്നിവരും അടങ്ങിയതായിരുന്നു പാനൽ. എ.ഡി.ജി.പി കെ.പത്മകുമാറിൻറെ നേതൃത്വത്തിൽ ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു.

സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ.പത്മകുമാർ, എസ്.പിമാരായ നവനീത് ശർമ്മ, ഹേമലത എന്നിവർ സംബന്ധിച്ചു. പോലീസ് ആസ്ഥാനത്തെ വിമൻ ആൻറ് ചൈൽഡ് സെൽ ആണ് പരിപാടികൾ ഏകോപിപ്പിച്ചത്.

Author