‘പകലിന്റെ വിളക്കിൻതൂണുകൾ’ : വനിതാദിനത്തിൽ സ്ത്രീത്തൊഴിലാളികൾക്ക് ബിനാലെയിൽ ആദരം

Spread the love

കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് ബിനാലെ. ‘പകലിന്റെ വിളക്കിൻ തൂണുകൾ’ എന്ന ഗ്രാഫിറ്റി തീർത്തും മധുരം വിതരണം ചെയ്‌തുമാണ് വനിതാദിനം ആഘോഷമാക്കിയത്. ഫോർട്ട്കൊച്ചി കബ്രാൾയാർഡിലായിരുന്നു പരിപാടി. ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നേതൃത്വം നൽകി.

‘ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും-നവീകരണവും സാങ്കേതികവിദ്യയും ലിംഗസമത്വത്തിന്’ എന്ന ആശയത്തിലൂന്നിയ ഇക്കൊല്ലത്തെ വനിതാദിനത്തിൽ ബിനാലെയിലെ തമിഴ് സ്ത്രീത്തൊഴിലാളികളെ ‘പകലിന്റെ വിളക്കിൻതൂണു’കളായി ഗ്രാഫിറ്റിയിൽ ആവിഷ്‌കരിച്ചു. എല്ലാ സ്ത്രീത്തൊഴിലാളികളുടെയും പ്രതിനിധികൾ എന്ന നിലയ്ക്കാണ് തമിഴ് വനിതാതൊഴിലാളികളെ തെരഞ്ഞെടുത്തത്. അതുകൊണ്ട് ഗ്രാഫിറ്റിയിൽ ആരുടേയും മുഖം ചേർത്തില്ല.

വരച്ച കോലത്തിനു മുന്നിലായി നിൽക്കുന്ന തമിഴ് തൊഴിലാളി വനിതകളാണ് ചിത്രത്തിൽ. തെളിഞ്ഞു ജ്വലിച്ച് പ്രകാശം പരത്തുമ്പോഴും പകൽ വെളിച്ചത്തിൽ അറിയപ്പെടാതെ പോകുന്നു. സാധാരണ അഗ്നിജ്വാലകൾ പോലെ കാറ്റിലുലയുകയോ അണഞ്ഞുപോകുകയോ ചെയ്യില്ല എന്നു പ്രഖ്യാപിക്കാനാണ് ‘പകലിന്റെ വിളക്കിൻതൂണുകൾ’ എന്ന ശീർഷകം.

അക്രിലിക്, എമൽഷൻ എന്നിവ ഉപയോഗിച്ച് കബ്രാൾയാർഡിലെ ചുമരിൽ 20 നീളത്തിലും 12 അടി ഉയരത്തിലുമായി വരഞ്ഞ ചിത്രം കണ്ടാസ്വദിക്കാനും സന്തോഷം പങ്കുവയ്ക്കാനും ബിനാലെയിലെ തമിഴ് വനിതാത്തൊഴിലാളികളും മറ്റ് അണിയറ പ്രവർത്തകരുമെത്തി. ബിനാലെയിലെ വോളന്റീയർമാരും ആർട്ടിസ്റ്റുകളുമായ ഹനൂന മേലേത്തിൽ, വി എൻ അബിന, എഡ്വേർഡ് രാജൻ, ദിയ മലർ, കെ ബി അഭിജിത്, അന്ന ജോൺസൺ, അപർണ വിശാഖ്, സിദ്ധാർത്ഥ് എസ് ഹരി എന്നിവർ ചേർന്നാണ് ‘പകലിന്റെ വിളക്കിൻ തൂണുകൾ’ തീർത്തത്.

തുല്യതയും നീതിയും ബിനാലെയുടെ അന്തഃസത്തയിലെ സുപ്രധാന ഘടകമാണെന്നും കലയുടെ അതിരുകളില്ലായ്‌മയെ അരക്കിട്ടുറപ്പിച്ച് പ്രഖ്യാപിക്കുന്നതാണ് വനിതകൾക്കുള്ള ആദരമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഇടപെടുന്നതിലെല്ലാം വനിതകൾ പ്രകടിപ്പിക്കുന്ന കരുത്തും ഊഷ്‌മളതയും സമർപ്പണവും സ്നേഹവും നന്ദിപൂർവ്വം ഓർമ്മിക്കാൻ ഈ ദിനം അവസരമൊരുക്കുന്നു. ബിനാലെ വേദികളുടെ ചുറ്റുപാടുകൾ വെടിപ്പാക്കി സൂക്ഷിക്കുന്ന തമിഴ് വനിതാതൊഴിലാളികളും അവരെ ആദരിക്കാൻ ഗ്രാഫിറ്റി ഒരുക്കിയ ബിനാലെ വോളന്റീയർമാരും സവിശേഷ അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വനിതാദിനാഘോഷത്തിന്റെ ഭാഗമായി ഗൂഞ്ജ് കൊച്ചി എൻ ജി ഒയിലെ വനിതാജീവനക്കാരുടെ സംഘം ബിനാലെ സന്ദർശിച്ചു.

ഫോട്ടോക്യാപ്‌ഷൻ

Picture_1: വനിതാതൊഴിലാളികളോട് ആദരസൂചകമായി കബ്രാൾയാർഡിൽ തീർത്ത ഗ്രാഫിറ്റിക്കുമുന്നിൽ ബിനാലെയിലെ തമിഴ് സ്ത്രീ തൊഴിലാളികളും വോളന്റീയർമാരും ആർട്ടിസ്റ്റുകളുമായ ഹനൂന മേലേത്തിൽ, വി എൻ അബിന, എഡ്വേർഡ് രാജൻ, ദിയ മലർ, കെ ബി അഭിജിത്, അന്ന ജോൺസൺ, അപർണ വിശാഖ്, സിദ്ധാർത്ഥ് എസ് ഹരി എന്നിവരും.

Picture_2: തങ്ങളെ ആവിഷ്‌കരിച്ച ഗ്രാഫിറ്റി കാണുന്ന ബിനാലെയിലെ തമിഴ് സ്ത്രീ തൊഴിലാളികൾ.

Picture_3, Picture_4: വനിതാദിനത്തോടനുബന്ധിച്ച് കബ്രാൾയാർഡിൽ തീർത്ത ഗ്രാഫിറ്റി.

Author