കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണത്തില്‍ ഗുരുതര വീഴ്ചയും വന്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ കൊച്ചി മേയര്‍ രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ബ്രഹ്മപുരത്ത് തീപടരാനും അത് അണയ്ക്കാന്‍ ദിവസങ്ങള്‍ക്ക് പിന്നിട്ടിട്ടും സാധിക്കാത്തതിനും കാരണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ കൂടിയായ കൊച്ചി മേയറുടെ ദയനീയ ഭരണ പരാജയമാണ്. കൊച്ചി നിവാസികളെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിട്ട കൊച്ചി മേയറോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
നഗരസഭയുടെ നിസംഗതയുടെയും ആസൂത്രണ രാഹിത്യത്തിന്‍റെയും ഫലമാണ് കൊച്ചി പ്രദേശവാസികള്‍ അനുഭവിക്കുന്നത്. ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപടര്‍ന്നിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം എത്രത്തോളം പരാജയമാണെന്നതിന് ഉദാഹരണമാണ് ബ്രഹ്മപുരത്തെത്. യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍വഹിക്കേണ്ട വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ അവിടെ പ്രകടമാണ്. ബ്രഹ്മപുരത്ത് തീപിടുത്ത മുന്നറിയിപ്പുകള്‍ പലതുണ്ടായിട്ടും കോര്‍പ്പറേഷനോ ജില്ലാഭരണകൂടമോ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തത് ഗുരുതരമായ കൃത്യവിലോപവും അനാസ്ഥയുമാണെന്നും ഹസ്സന്‍ പറഞ്ഞു.
പ്രതിദിനം 100 ടണ്‍ അജെെവ മാലിന്യം ഉള്‍പ്പെടെ 300 ടണ്‍ മാലിന്യം ബ്രഹ്മപുരത്ത് എത്തുന്നുയെന്നാണ് കണക്ക്. ഇത്രയേറെ മാലിന്യം എത്തുമ്പോഴും സംസ്കരണം കൃത്യമായി നടന്നില്ല. മാലിന്യത്തില്‍ നിന്നും പോലും ധനസമ്പാദിക്കാനുള്ള വ്യഗ്രതയിലാണ് മാലിന്യസംസ്കരണക്കരാര്‍ ഉണ്ടാക്കിയത്. ശാസ്ത്രീമായല്ല ബ്രഹ്മപുരത്ത് മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണ്ടെത്തല്‍ അതീവ ഗൗരവമുള്ളതാണ്. ഇത്രയും അലംഭാവത്തോടെയും അശാസ്ത്രീയവുമായും മാലിന്യ സംസ്കരണം കെെകാര്യം ചെയ്തു കൊച്ചി നിവാസികളുടെ ശ്വാസമുട്ടിച്ച് പ്രാണവായു തടസ്സപ്പെടുത്തിയ നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്ത് മാലിന്യത്തില്‍ നിന്നും വെെദ്യുതി ഉത്പാദിക്കുന്നതിനായി ആധുനിക സംവിധാനങ്ങളോടെ ഒരു സംസ്കരണ പ്ലാന്‍റിനായി സര്‍ക്കാര്‍ മുന്‍കെെയെടുത്ത് അന്നത്തെ നഗരസഭ ഭരണസമിതി ഒരു കമ്പനിയുമായി കരാറിലേര്‍പ്പെടുകയും പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ തുടര്‍ന്ന് ഇൗ പദ്ധതി കാര്യക്ഷമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സഹായം സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭ്യമാക്കാത്തിനെ തുടര്‍ന്ന് ആ കരാര്‍ റദ്ദായി.മാലിന്യനിര്‍മാര്‍ജന ആധുനിക പ്ലാന്‍റ് അന്ന് നടപ്പാക്കിയിരുന്നെങ്കില്‍ പിന്നീട് അഴിമതിക്ക് കളമൊരുക്കുന്ന മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കുന്ന സാഹചര്യവും കൊച്ചിയിലെ ജനങ്ങള്‍ക്ക് ഇന്ന് അനുഭവിക്കേണ്ടി വന്ന ദുരന്തവും ഒഴിവാക്കാമായിരുന്നു. ബോധപൂര്‍വ്വമായിട്ടുള്ള നീക്കമാണ് ഇതിന് പിന്നില്‍ നടന്നത്. ഇതില്‍ സര്‍ക്കാരിനും കൊച്ചി നഗരസഭയ്ക്കും ഉണ്ടായ ഗുരുതരവീഴ്ചയെ സംബന്ധിച്ച് മുഖ്യമന്ത്രി കൊച്ചിയിലെ ജനങ്ങളോട് മറുപടി പറയണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
പതിനൊന്ന് ദിവസം പിന്നിട്ടിട്ടും തീയണയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉത്തരവാദിത്തം ജില്ലാഭരണകൂടത്തെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന സര്‍ക്കാര്‍ നടപടി അനൗചിത്യമാണ്. മന്ത്രിമാര്‍ നിരനിരായി വന്ന് പ്രസ്താവന നടത്തിയിട്ടോ കളക്ടറെ സ്ഥലംമാറ്റിയിട്ടോ കാര്യമില്ല. വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണം. അഴിമതിക്കാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് തീപടരാനുണ്ടായ സാഹചര്യവും അതിന് പിന്നിലെ ബുദ്ധി കേന്ദ്രം ആരാണെന്നും വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തീയണയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ മേഖലയില്‍ പ്രാവീണ്യം സിദ്ധിച്ച വിദേശ ഏജന്‍സികളുടെ സഹായം തേടണമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു.