കോട്ടയത്ത് ഒരുമിച്ച് പൂർത്തിയാകുന്നത് എട്ട് റോഡുകള്‍

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കോട്ടയം ജില്ലയിലെ എട്ട് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. കോട്ടയം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡാണ് ആധുനിക നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്. 121 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി നടപ്പിലാക്കുന്ന പ്രവൃത്തിയിൽ 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി മെറ്റീരിയല്‍ പുനരുപയോഗം ഉള്‍പ്പെടുന്ന ടാറിംഗ് പ്രവൃത്തി, സ്ഥിരമായി വെളളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ പേവ്‌മെന്റ് ക്വാളിറ്റി കോണ്‍ക്രീറ്റ് എന്നീ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി അത്യാധുനിക നിലവാരത്തിലാണ് പ്രവൃത്തികള്‍ നടപ്പാക്കിയിരിക്കുന്നത്.
റോഡുകളുടെ ടാറിംഗ്, ഇരുവശത്തും ഓടകള്‍, സുരക്ഷാക്രമീകരണങ്ങള്‍, നടപ്പാത തുടങ്ങിയ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പരിപ്പ് പാലത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.
എംസി റോഡില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകാനായി ഉപയോഗിക്കുന്ന പ്രധാന പാതയായ ഗാന്ധിനഗര്‍ – മെഡിക്കല്‍ കോളേജ് റോഡ്, മെഡിക്കല്‍ കോളേജ് ഭാഗത്തെ തിരക്കുകളൊഴിവാക്കി പോകാന്‍ സാധിക്കുന്ന ബാബു ചാഴികാടന്‍ റോഡ്, കുടയംപടി – പരിപ്പ് റോഡ്, മാന്നാനം – കൈപ്പുഴ റോഡ്, മാന്നാനം – പുലിക്കുറിശ്ശേരി റോഡ്, കൈപ്പുഴ – അതിരമ്പുഴ റോഡ്, അതിരമ്പുഴ – പാറോലിക്കല്‍ റോഡ്, അതിരമ്പുഴ വേദഗിരി റോഡ് എന്നിവയാണ് പുനരുദ്ധരിച്ചിരിക്കുന്നത്.

Author