സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്ക് കാലോചിതമായ പരിഷ്‌ക്കാരം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെല്ലുകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റി ബിഹേവിയറല്‍ ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആവശ്യമാണ്. ആ രീതിയില്‍ ഏതൊക്കെ
സംവിധാനങ്ങളാണ്, ചികിത്സാ രീതികളാണ് ആവശ്യമാണെന്ന രീതിയിലുള്ള പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി സംഘടിപ്പിച്ച സ്‌നേഹ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാ ഭരണകൂടം രൂപകല്പന ചെയ്തു നല്‍കിയ ‘തളിര്’ ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഏറ്റവും സ്‌നേഹവും പരിചരണവും ആവശ്യമായ ഒരു വിഭാഗമാണിവര്‍. ജീവിതത്തിലെ പലവിധ യാഥാര്‍ത്ഥ്യങ്ങളിലും പ്രതിസന്ധികളിലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരും തളര്‍ന്ന് പോയവരുമാണ് അധികവും. രോഗം ഭേദമായവരുടെ പുനരധിവാസം വളരെ പ്രധാനമാണ്. ഇതൊരു രോഗാവസ്ഥ മാത്രമാണെന്നും
ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെന്നുമുള്ള ബോധ്യം ഉണ്ടാകണം. മാനസികാരോഗ്യ രംഗത്ത് ഒട്ടേറെ പരിപാടികള്‍ നടപ്പിലാക്കി വരുന്നു. മാനസികാരോഗ്യ ചികിത്സയെ വികേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപന തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്ര നിയമമനുസരിച്ചുള്ള അതോറിറ്റികളുടെ പ്രവര്‍ത്തനം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും. കുറച്ചേറെ വര്‍ഷമായി മുടങ്ങിക്കിടന്ന മാനസികാരോഗ്യ കേന്ദ്രത്തിലെ വികസന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.
വി.കെ. പ്രശാന്ത് എംഎല്‍എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ജമീല ശ്രീധരന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എല്‍.ടി. സരിത കുമാരി, എച്ച്.ഡി.സി. മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.