കോവിഡ് കാലത്ത് സാമൂഹിക അടുക്കള വഴി എല്ലാവരേയും ഊട്ടിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവർണർ

Spread the love

കോവിഡ് മഹാമാരിയുടെ ആദ്യ നാളുകളിൽ സാമൂഹിക അടുക്കള പദ്ധതി വഴി എല്ലാവർക്കും ഭക്ഷണം നൽകിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

‘അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒരാൾക്കും ഭക്ഷണത്തിന് പ്രശ്‌നം നേരിട്ടില്ല. ഇത് ലോകത്തൊരിടത്തും സംഭവിക്കാത്ത കാര്യമായിരുന്നു.സാമൂഹിക അടുക്കള വഴി ഭക്ഷണമെത്തിച്ച കുടുംബശ്രീ ആണ് ഈ ഉത്തരവാദിത്തം നിറവേറ്റിയത്,’ ഗവർണർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ദാരിദ്ര്യ നിർമാർജ്ജനത്തിൽ തുടങ്ങിയ കുടുംബശ്രീ ഇന്ന് ലോകത്തിലെ മികച്ച സ്ത്രീ ശാക്തീകരണ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ കഴിവിനേയും ശക്തിയേയും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന സംസ്‌കൃതിയാണ് നമ്മുടേത്. പ്രതികൂല ജീവിത സാഹചര്യങ്ങളെ കഠിനപ്രയത്‌നം കൊണ്ടും നിശ്ചയദാർഡ്യം കൊണ്ടും മറികടന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ദ്രൗപതി മുർമു ഭാരതീയ സ്ത്രീയുടെ ഉജ്ജ്വല ദൃഷ്ടാന്തമാണ്.

നമ്മുടെ സംസ്‌കാരവും കൃതികളും സ്ത്രീയെ മഹത്വവൽക്കരിക്കുന്നവയാണ്. എന്നാൽ നാം സ്ത്രീയെ മഹത്വവൽക്കരിക്കുന്നതിൽ അവസാനിപ്പിച്ചു. അവിടന്ന് തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല.

എന്നാൽ നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാറുകളും സർക്കാറിതര സംഘടനകളും ചേർന്ന് സ്ത്രീ നവോത്ഥാനത്തിൽ പുത്തൻ മുന്നേറ്റങ്ങൾ സാധ്യമാക്കി. മുഖ്യമായും വിദ്യാഭ്യാസത്തിലൂടെയായിരുന്നു ഇത്.

മരുമക്കത്തായ കാലത്ത് സാമ്പത്തും അധികാരവും സ്ത്രീയിൽ കേന്ദ്രീകരിച്ചത് മുതൽ അക്കമ്മ ചെറിയാൻ, കെ.ആർ ഗൗരിയമ്മ, ദാക്ഷായണി വേലായുധൻ, ജസ്റ്റിസ് ഫാത്തിമ ബീവി എന്നീ ആദ്യകാല സ്ത്രീ രത്‌നങ്ങൾ വരെ കേരളീയ സ്ത്രീ മുന്നേറ്റത്തിന് ഊടും പാവുമേകി. 25 വർഷം മുമ്പ് സ്ത്രീകളെ സ്വന്തം വരുമാനം കണ്ടെത്തുന്നതിലേക്കും സംരംഭകത്വത്തിലേക്കും വഴി നയിച്ച കുടുംബശ്രീയാണ് പിന്നീടിങ്ങോട്ട് സ്ത്രീ ശാക്തീകരണത്തിന്റെ ചുക്കാൻ പിടിച്ചത്. കുടുംബശ്രീയുടെ ഇടപെടലിന്റെ ഫലമായാണ് അനേകം സ്ത്രീകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പൊതുരംഗത്ത് പ്രവേശിച്ചത്. ഇത് ഭാവിയിൽ ലോകത്തെ നയിക്കുന്നതിൽ സ്ത്രീകൾക്കുണ്ടാകുന്ന വർധിച്ച പ്രാതിനിധ്യത്തിലേക്ക് വിരൽചൂണ്ടുന്നു. സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീയെ പ്രകീർത്തിക്കുന്ന സുഗതകുമാരിയുടെ ‘പെൺകുഞ്ഞ് ‘ എന്ന കവിതയിൽ നിന്നുള്ള വരികളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ധരിച്ചു. ‘ഉന്നതി’ പദ്ധതിയിലൂടെ സമൂഹത്തിലെ അവശ വിഭാഗങ്ങളുടെ പുരോഗതി സാധ്യമാകട്ടെ എന്നും ഗവർണർ ആശംസിച്ചു.

Author