പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ ഗുണനിലവാര പരിശോധന വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന പൂർത്തീകരിക്കാൻ ലാബിലൂടെ സാധിക്കും. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മിക്‌സിന്റെ താപനില, ബൈൻഡർ കണ്ടന്റ്, ബിറ്റുമിൻ കണ്ടന്റ് എന്നിവ പരിശോധിക്കാം. ബൈൻ സ കണ്ടന്റ് പരിശോധിക്കുമ്പോൾ മിക്‌സിലെ ബിറ്റുമിൻ, ജലസാന്നിദ്ധ്യം ഉൾപ്പെടെയുള്ള എല്ലാ ഘടകങ്ങളും പരിശോധിക്കാവുന്നതാണ്. ഇതോടൊപ്പം പ്രവൃത്തി നടക്കുന്ന സ്ഥലത്തു വെച്ച് തന്നെ ഗുണനിലവാര പരിശോധനയുടെ റിപ്പോർട്ട് ലഭ്യമാകും എന്നതും ലാബിന്റെ പ്രത്യേകതയാണ്. പ്രവൃത്തി നടത്തുമ്പോൾത്തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി തുടർ നടപടികൾ സ്വീകരിക്കാനും ഇതോടെ കഴിയും.