2022-23 ലെ സംസ്ഥാനത്തെ 1350 ഓളം വരുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വികസനഫണ്ടും, പദ്ധതിപ്പണവും നല്‍കാതെ സര്‍ക്കാര്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതായി രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംസ്ഥാന ചെയര്‍മാന്‍ എം.മുരളി മുന്‍ എം.എല്‍.എ ആരോപിച്ചു.
ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ടിന്റെ മൂന്നാം ഗഡുവായ 1876 കോടി 72 ലക്ഷം രൂപ വീണ്ടും മൂന്ന് ഗഡുക്കളായി മാറ്റി മാര്‍ച്ച് 13 ന് ഒരു ഗഡു മാത്രം നല്‍കുകയും, ബാക്കി വരുന്ന 1250 കോടി രൂപ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ട മാര്‍ച്ച് 31 നുള്ളില്‍ നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയുമാണ്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിവിധങ്ങളായ വികസന ഫണ്ടുകള്‍ മൂന്ന് ഗഡുക്കളായാണ് സര്‍ക്കാര്‍ നല്‍കുന്നത്. നടപ്പു വര്‍ഷം 2022 ഏപ്രില്‍ 8 ന് ആദ്യഗഡുവും 22 ഒക്‌ടോബര്‍ 12 ന് രണ്ടാം ഗഡുവും നല്‍കിയിരുന്നു. എന്നാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ജനുവരി ആദ്യമെങ്കിലും അനുവദിക്കേണ്ട മൂന്നാം ഗഡുവാണ് അതുമൂന്ന് ഗഡുക്കളാക്കി മാറ്റി ഈ വര്‍ഷം മാര്‍ച്ച് 13 ന് അതില്‍ ഒരു ഗഡുമാത്രം നല്‍കിയിരിക്കുന്നത്. ബാക്കി വരുന്ന 1250 ല്‍ പരം കോടി രൂപ വരുന്ന ഒരാഴ്ചകൊണ്ട് കേരളത്തിലെ കോര്‍പറേഷനുകള്‍ മുതല്‍ ഗ്രാമപഞ്ചായത്തു വരെയുള്ള 1350 ഓളം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധങ്ങളായ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും പദ്ധതിയില്‍പ്പെട്ട വിവിധ ധനസഹായങ്ങള്‍ നല്‍കാനുമുള്ളതാണെങ്കിലും അവ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മൂന്നാം ഗഡുവില്‍ നല്‍കേണ്ട മൂന്നില്‍ രണ്ട് ഭാഗം വരുന്ന പിടിച്ചുവച്ചിരിക്കുന്ന തുക വരുന്ന സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ ആക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എം.മുരളി കുറ്റപ്പെടുത്തി. അതോടെ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ നിന്നും ഈ തുക സ്പില്‍ ഓവറായി വെട്ടിക്കുറക്കാനാണ് സര്‍ക്കാറിന്റെ ഗൂഢശ്രമം.
വരുന്ന ദിവസങ്ങളില്‍ 1250 കോടി രൂപയോളം വരുന്ന അവശേഷിക്കുന്ന പദ്ധതിപ്പണം നല്‍കിയില്ലെങ്കില്‍ ശക്തമായ സമരം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തുമെന്നും മുരളി മുന്നറിയിപ്പ് നല്‍കി.