ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ശാന്തി ഝാ ജൂനിയര്‍ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

Spread the love

കൊച്ചി: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെയും ഝാ ഗ്രൂപ്പിന്റേയും സഹകരണത്തോടെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ 100 വിദ്യാര്‍ഥികള്‍ക്ക് ശാന്തി ഝാ ജൂനിയര്‍ ഫെലോഷിപ്പ് പ്രഖ്യാപിച്ച് ആശ്രയ ഫൗണ്ടേഷന്‍. ആശ്രയയുടെ ചെയര്‍മാന്‍ സതീഷ് ഝായാണ് ഫെലോഷിപ്പ് പ്രഖ്യാപിച്ചത്. 50 പെണ്‍കുട്ടികള്‍ക്കും 50 ആണ്‍കുട്ടികള്‍ക്കുമാണ് ഫെലോഷിപ്പ് നല്‍കുക. സാമൂഹികമായ മാറ്റങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള വ്യത്യസ്തമായ ആശയങ്ങള്‍ സ്വീകരിച്ച് നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും തൊഴില്‍ പരിചയം നേടുന്നതിനുമാണ് ഫെലോഷിപ്പ്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രത്യേക ജൂറിയായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. ഒരു വര്‍ഷത്തേക്ക് പരമാവധി ഒരു ലക്ഷം രൂപയായിരിക്കും ഓണറേറിയം. സാമൂഹികമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള സര്‍ഗാത്മകമായ പുതിയ ആശയങ്ങള്‍ രൂപീകരിക്കുകയും അതിനുവേണ്ടി സുസ്ഥിര തന്ത്രങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2020 മാര്‍ച്ചില്‍ കിരോരി മാല്‍ കോളേജിലാണ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആരംഭിക്കുന്നത്. ഒരു വര്‍ഷം പത്ത് ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സതീഷ് ഝാ പറഞ്ഞു. സതീഷ് ഝാക്ക് പുറമേ ഫെലോഷിപ്പ് പ്രഖ്യാപന ചടങ്ങില്‍ സിഐഎസ്ഇ ഫൗണ്ടര്‍ ആന്റ് കണ്‍വീനര്‍ പ്രൊ.രൂപീന്ദര്‍ ഒബ്‌റോയ്, കെഎംസി ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍ പ്രൊ.ദിനേശ് ഖട്ടാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Report : ATHIRA

Author