ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനം

Spread the love

ഇന്തോ-പസഫിക് മേഖലയുടെ സാധ്യതകൾ വിലയിരുത്തി അന്താരാഷ്ട്ര സമ്മേളനം.
കൊച്ചി (23 മാർച്ച്, 2023) : ഇന്തോ-പസഫിക് മേഖലയുടെ സാധ്യതകൾ വിലയിരുത്തി ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനം.ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ്റെ സഹകരണത്തോടെ കൊച്ചിയിൽ സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സംഘടിപ്പിച്ച ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്തോ-പസഫിക് മേഖലയിലെ വാണിജ്യ, വിപണി സാധ്യതകളും സുരക്ഷ, ബ്ലു ഇക്കോണമി, സമുദ്ര വിഭവങ്ങളിലെ കൈമാറ്റം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ഇന്തോ-പസഫിക് മേഖലയിൽ ആധിപത്യം നേടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇന്ത്യയ്ക്കും സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങൾക്കും ഇന്തോ-പസഫിക് മേഖലയിൽ ഒരു നിയമാധിഷ്ഠിത ക്രമം സംരക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നും സമ്മേളനം വിലയിരുത്തി.

മലയാള മനോരമ റസിഡന്റ് എഡിറ്റർ ആർ പ്രസന്നൻ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിപിആർ ചെയർമാൻ ഡി ധനുരാജ് സ്വാഗതം അർപ്പിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ന്യൂ ഡൽഹി പൊളിറ്റിക്കൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡേവിഡ് വൈറ്റ്, വെസ്റ്റേൺ നേവൽ കമാൻഡ് മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര, സതേൺ നേവൽ കമാൻഡ് മുൻ കമാൻഡർ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള, ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എം പി മുരളീധരൻ, ഇൻ്റഗ്രേറ്റഡ് ഹെഡ്ക്വാർട്ടേഴ്സ് ഓഫ് മിനിസ്ട്രി ഓഫ് ഡിഫൻസ് (നേവി) നേവൽ ഓപ്പറേഷൻസ് ജഡ്ജ് അഡ്വക്കറ്റ് ലഫ്റ്റനന്റ് കമാൻഡർ അഭിമന്യു റാത്തോഡ്, ദി ഹിന്ദു ഇന്റർനാഷണൽ അഫയേഴ്സ് എഡിറ്റർ ഡോ സ്റ്റാൻലി ജോണി തുടങ്ങിയവർ പങ്കടുത്തു. ഇന്ത്യയും യുകെയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധം, വ്യാപാരം ഇരട്ടിയാക്കാനുള്ള ലക്ഷ്യം, തുടങ്ങിയ വിഷയങ്ങൾ പ്രഭാഷകർ എടുത്തു പറഞ്ഞു.

“നമ്മുടെ സമുദ്ര പ്രദേശത്തെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, കാരണം അത് ഒരു രാജ്യത്തിന് വളരെ ശക്തമായ രീതിയിലാണുള്ളത്. അവിടുത്തെ സമാധാനം നമ്മുക്ക് പ്രധാനമാണ്, പ്രത്യേകിച്ച് കിഴക്കൻ സമുദ്ര പ്രദേശത്ത് നമ്മൾ പ്രവർത്തിക്കുമ്പോൾ. ഒമാൻ, സിംഗപ്പൂർ, ഫ്രഞ്ച്, മഡഗാസ്കർ എന്നിവിടങ്ങളിൽ സമുദ്ര വ്യാപാരത്തിലും സുരക്ഷയിലും ഇന്ത്യ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായ ഒരു പങ്കാളിത്തം ഉണ്ടാക്കുന്നതിലൂടെ മറ്റ് ഭൂഖണ്ഡങ്ങളിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നമ്മുക്ക് സാധിക്കും.” മലയാള മനോരമ റസിഡൻ്റ് എഡിറ്റർ ആർ പ്രസന്നൻ പറഞ്ഞു.

“വ്യാപാരം, പ്രതിരോധം തുടങ്ങി തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തത്തിനൊപ്പം ഇന്ത്യയും യുകെയും ആഴത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങളും പുലർത്തുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിലൂടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്,” സിപിപിആർ ചെയർമാൻ ഡി ധനുരാജ് പറഞ്ഞു.

സമീപ വർഷങ്ങളിൽ, ഇന്തോ-പസഫിക് മേഖലയുടെ പശ്ചാത്തലത്തിൽ കൂടുതൽ ദൃഢമായ ഇന്ത്യ-യുകെ ബന്ധത്തെ സമ്മേളനം മുന്നിൽ കൊണ്ടുവന്നു. വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷാ സഹകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലയിലെ പങ്കാളിത്തം സമ്മേളനത്തിൽ വിലയിരുത്തി. യുകെ സർക്കാരിൻ്റെ നയതന്ത്ര, പ്രതിരോധ നയങ്ങളുടെ ഭാഗമാണ് ഇന്തോ-പസഫിക്കിലേക്കുള്ള ഊന്നൽ. നിരവധി മേഖലകളിൽ, ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. 2030-ഓടെ ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി സമഗ്രമായ പങ്കാളിത്തം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആഫ്രിക്കയുടെ കിഴക്കൻ തീരം മുതൽ അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെ നീണ്ടുകിടക്കുന്ന ഇന്തോ-പസഫിക് മേഖല, ഇരു രാജ്യങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

സാമ്പത്തികവും തന്ത്രപരവുമായ ശക്തി കേന്ദ്രമെന്ന നിലയിൽ ഇന്തോ-പസഫിക് മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, സമീപ വർഷങ്ങളിലായി ഇന്ത്യയും യുകെയും ഇന്തോ-പസഫിക്കിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ തങ്ങളുടെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

Author