സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ്: മന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്യും

Spread the love

2021-22 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മാര്‍ച്ച് 24 വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാതല പരിശോധനയും സംസ്ഥാനതല പരിശോധനയും നടത്തി പ്രവര്‍ത്തനം വിലയിരുത്തുന്നു. ഇതില്‍ സംസ്ഥാന തലത്തില്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കുന്ന വിവിധതലങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (യു.പി.എച്ച്.എസി) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുക്കുന്നത്.

Author