രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 26നും 27നും കോണ്‍ഗ്രസ് സത്യാഗ്രഹം

Spread the love

മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തിയ മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം മാര്‍ച്ച് 26ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെപിസിസിയുടെ നേതൃത്വത്തില്‍ 27ന് തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കിലും കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ 26ന് രാവിലെ 10 മണി മുതല്‍ വെെകുന്നേരം 5 മണി വരെ സത്യാഗ്രഹം സംഘടിപ്പിക്കും. അതാത് ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങി ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

പ്രതിഷേധ സമരത്തിന്‍റെ അടുത്ത ഘട്ടമായി 27ന് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ രാവിലെ 10 മണി മുതല്‍ വെെകുന്നേരം 5 മണി വരെ സംഘടിപ്പിച്ചിരിക്കുന്ന സത്യാഗ്രഹത്തിന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി നേതൃത്വം നല്‍കും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, ഡി.സി.സി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരും പങ്കെടുക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Author