പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന് ആതിഥ്യമരുളാന്‍ കൊച്ചി

Spread the love

മാരത്തോണ്‍ മേയ് 1 2023-ന് രജിസ്ട്രേഷന്‍ ആരംഭിച്ചു.

കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ക്ലിയോനെറ്റ്, സ്പോര്‍ട്സ്പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്പോര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ മേയ് 1-ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. കൊച്ചിയെ സ്പോര്‍ട്സ് ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക എന്നതാണ് മാരത്തോണിന്റെ ദീര്‍ഘകാല ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്യുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ 42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹൗസിങ് സൊസൈറ്റികള്‍, വനിത സംഘടനകള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഗ്രീന്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലീന്‍, ഗ്രീന്‍ ആന്‍ഡ് സേഫ് കേരള എന്ന പ്രമേയം ഉള്‍കൊള്ളുന്ന സന്ദേശങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്. മികച്ച അവതരണങ്ങള്‍ക്ക് സമ്മാനങ്ങളുമുണ്ട്. മാരത്തോണിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.kochimarathon.in സന്ദര്‍ശിക്കുക.

ഇന്ത്യയിലെ തന്നെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്കാണ് മാരത്തോണിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ എന്നത് കൊച്ചി മാരത്തോണിന്റെ ആദ്യ പതിപ്പിനെ സവിശേഷമാക്കുന്നു. കേരള പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തോണ്‍ കൊച്ചിയിലെ പ്രകൃതി മനോഹരമായ പാതകളിലൂടെയാണ് കടന്നുപോകുക. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയെ അടുത്തിടെയായി ഗ്രസിച്ചിരിക്കുന്ന എല്ലാ തിന്മകള്‍ക്കുമുള്ള പരിഹാരമാകട്ടെ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആശംസിച്ചു.

മാരത്തോണിന്റെ ആദ്യ ബിബ് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹറ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമനില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജിന്‍ എംഎല്‍എ, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കട്ടരാമന്‍ വെങ്കിടേശ്വരന്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ്. മൂര്‍ത്തി, വൈസ് പ്രസിഡന്റുമാരായ അജിത്കുമാര്‍ എ, സുരേഷ് കുമാര്‍ ജി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ മാരത്തോണ്‍ റെക്കോഡ് ജേതാവായ ഒ.പി. ജയ്ഷാ, മുംബൈ മാരത്തോണ്‍ 2023-ലെ പുരുഷ വിഭാഗം ജേതാവ് തോനക്കല്‍ ഗോപി, ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മാരത്തോണ്‍ വന്‍ വിജയമാക്കാനായി വന്‍കിട ബ്രാന്‍ഡുകള്‍, സംസ്ഥാന സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, കേരള പോലീസ്, വിദ്യാര്‍ഥികള്‍, ഓട്ടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സംഘാടകരായ ക്ലിയോസ്പോര്‍ട്സ് അണിനിരത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകളായ നെസ്റ്റ് ഗ്രൂപ്പിന്റെ ഗോള്‍ഡന്‍ വാലി, എന്‍ജ്യൂസ് (NJUZE) എന്നിവയെ മാരത്തോണിന്റെ ഭാഗമാക്കാന്‍ ക്ലിയോസ്പോര്‍ട്സിന് കഴിഞ്ഞിട്ടുണ്ട്.

കൊച്ചി മാരത്തോണുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് ഡയറക്ടറും സിഎഫ്ഒയുമായ വെങ്കിട്ട്‌രാമന്‍ വെങ്കിടേശന്‍ പറഞ്ഞു. ശാരീരിക, മാനസിക ആരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന ഭാവി നഗരമായി കൊച്ചിയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നതാകും ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ എന്നും അദ്ദേഹം പ്രത്യാശിച്ചു. ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെയും പൊതുജനങ്ങളുടെയാകെയും ആരോഗ്യസംരക്ഷണത്തിനും സൗഖ്യത്തിനും കാത്തുസൂക്ഷിക്കുന്നതിന് ഈ മാരത്തോണ്‍ വലിയ പങ്ക് വഹിക്കുമെന്നും വെങ്കിട്ട്‌രാമന്‍ വെങ്കിടേശന്‍ അഭിപ്രായപ്പെട്ടു.

ക്ലീന്‍, ഗ്രീന്‍ ആന്‍ഡ് സേഫ് കൊച്ചി എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ വലിയ പങ്ക് വഹിക്കുമെന്ന് ഐജിയും കൊച്ചി സിറ്റി പോലീസ് കമ്മിഷണറുമായ കെ. സേതുരാമന്‍ ഐപിഎസ് പറഞ്ഞു. മാരത്തോണ്‍ തടസ്സങ്ങളില്ലാതെ നടക്കുന്നതിന് വേണ്ട എല്ലാ സാങ്കേതിക സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയുടെ സ്വന്തം മാരത്തോണ്‍ സംഘടിപ്പിക്കാനാകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അതിന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഫെഡറല്‍ ബാങ്കിനെ സ്വാഗതം ചെയ്യുന്നതില്‍ അതിലേറെ സന്തോഷവുമുണ്ടെന്ന് ക്ലിയോസ്പോര്‍ട്സ് ഭാരവാഹികളായ അനീഷ് പോള്‍, ശബരി നായര്‍, ബൈജു പോള്‍ എന്നിവര്‍ പറഞ്ഞു. കൊച്ചിയെ സ്പോര്‍ട്സ് ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയ്ക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിനും കേരള പോലീസ്, ജിസിഡിഎ എന്നിവയോടൊപ്പം ചേര്‍ന്ന് കരുത്തുറ്റ കൊച്ചിയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

വിജയകരമായ പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണെന്നും ഇതിന് എല്ലാവരുടെയും പിന്തുണ ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ക്ലിയോസ്പോര്‍ട്സ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ ക്യാപ്ഷന്‍- പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ലോഗോ പ്രകാശനച്ചടങ്ങില്‍ മുതിര്‍ന്ന മാരത്തോണ്‍ ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കര, ഒളിംപ്യന്‍ ഗോപി തോന്നക്കല്‍, ഒളിംപ്യന്‍ ഒ പി ജയ്ഷ, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ എ അജിത്കുമാര്‍, ജി സുരേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കിട്ടരാമന്‍ വെങ്കടേശ്വരന്‍, ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ ഐപിഎസ്, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍ രവി, ഫെഡറല്‍ ബാങ്ക് സിഎംഒ എം.വി.എസ്. മൂര്‍ത്തി, ക്ലിയോസ്‌പോര്‍ട്‌സ് ഉടമകളായ ശബരി നായര്‍, അനീഷ് പോള്‍, ബൈജു പോള്‍ എന്നിവര്‍.

Report : Vijin Vijayappan

Author