പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് (30/03/2023).
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ ഇന്ന് (മാര്‍ച്ച് 31) കുത്തിയിരുപ്പ് സമരം നടത്തും. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെയാണ് സമരം. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ സമരം നടത്തും.
പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രില്‍ എട്ടിനും കഴിഞ്ഞ വര്‍ഷം ഒഗസ്റ്റില്‍ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബര്‍ 12നുമാണ് ലഭിച്ചത്. സിസംബറില്‍ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നല്‍കുന്നതിന് പകരം മൂന്ന് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു നല്‍കാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാര്‍ച്ച് 18നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ രണ്ടാം ഭാഗവും ആ മാസം 27നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ മൂന്നാം ഭാഗം ഇതുവരെ നല്‍കിയിട്ടുമില്ല. മൂന്നാം ഗഡുവിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ചെലവഴിക്കാന്‍ സമയം ലഭിച്ചതുമില്ല. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31-ന് മുന്‍പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിതനിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അടിമറിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സി മാത്രമായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയിരിക്കുകയാണ്.